തിരുവനന്തപുരം: പായസപ്പുരയിലെത്തിച്ച് 15 കാരിയെ ലൈംഗികമായി ആക്രമിച്ച പൂജാരിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചിറയിന്‍കീഴ് സ്വദേശിയായ 34 വയസുള്ള ബൈജുവാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈജു ക്ഷേത്രത്തിലെ പായസപ്പുരയിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി രക്ഷപ്പെട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് സ്കൂളിലെത്തിയ കുട്ടി അധ്യാപകനോടാണ് സംഭവം പറയുന്നത്. അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബൈജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.