ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 35 വർഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ച് കോടതി ഉത്തരവ്. ആലപ്പുഴ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അന്ധകാരനഴി തട്ടാശ്ശേരി സ്വദേശി റയോൺ ആന്റണിയെയാണ് (25) ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. സമാനമായ രീതിയിൽ ഒന്നിലേറെ കേസുകളിൽ പ്രതിയായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു.
2022 ഫെബ്രുവരിയിൽ പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 16 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രതി, സ്നേഹം നടിച്ചു വശീകരിച്ച് വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് രണ്ട് തവണ കൂട്ടിക്കൊണ്ടുപോയി ഗുരുതരമായ ലൈംഗിക ഉപദ്രവം നടത്തുകയായിരുന്നു എന്നാണ് കേസ്. ആദ്യതവണ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച പ്രതിയെ പെൺകുട്ടി ഒഴിവാക്കുകയും അടുപ്പത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. എന്നാൽ ആത്മഹത്യ ഭീഷണി മുഴക്കി ഞരമ്പ് മുറിച്ചതായി ഫോട്ടോ കാണിച്ച് പ്രതി വീണ്ടും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഉപദ്രവിക്കുകയും ആയിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും കോടതി മുമ്പാകെ 18 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പട്ടണക്കാട് എസ്.ഐ ബിജുമോൻ സിവിൽ ഓഫീസർമാരായ ബൈജു കെ ആർ, രജീഷ്, അനൂപ് കെ പി, വനിതാ സിവിൽ പോലീസ് ഓഫീസറായ ജാക്വിലിൻ, ആലപ്പുഴ വനിതാ എസ് ഐ ജെ ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാർത്തികേയൻ മഞ്ചാടിക്കുന്നേൽ, വി എൽ ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.