ചിറ്റൂർ ∙ ജോലിവാഗ്ദാനം ചെയ്ത് കംബോഡിയയിൽ എത്തിച്ച് ക്രൂരമായ അടിമപ്പണിക്കും വിൽപനയ്ക്കും വിധേയരായ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ എംബസി മുഖേന മോചനം. ഇവരെ കംബോഡിയയിലേക്കു കടത്തിയ കണ്ണിയിൽ ഉൾപ്പെട്ട ചിറ്റൂർ നീർക്കോട് എം.നിഖിൽദാസിനെ (28) ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ മകൻ അഭിലാഷിനെ ജോലി വാഗ്ദാനം ചെയ്തു പറ്റിച്ചെന്നു കാണിച്ച് കല്ലടിക്കോട് കുന്നത്തുകാട് വിനോദ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
കംബോഡിയയിൽ കോൾ സെന്ററിൽ ജോലി വാഗ്ദാനം ചെയ്താണ് നിഖിൽദാസും മറ്റൊരാളും ചേർന്ന് അഭിലാഷിൽ നിന്ന് 4.2 ലക്ഷം രൂപ കൈപ്പറ്റിയത്. ഏപ്രിലിലാണു പണം കൊടുത്തത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പു നടത്താനുള്ള കോൾ സെന്ററിലാണു ജോലിയെന്നു മനസ്സിലായത്. കമ്പനിയുടെ ഗോഡൗണിൽ ഇരുപതോളം ഇന്ത്യക്കാരുണ്ടായിരുന്നു. തട്ടിപ്പിനു വിസമ്മതിച്ച യുവാക്കളെ 13 ദിവസം ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു. രണ്ടു ബ്രഡ് മാത്രമാണ് ഭക്ഷണമായി നൽകിയത്. ചിലരെ പട്ടിണിക്കിട്ടു. ഇവിടെ നിന്ന് മറ്റൊരു കമ്പനിക്ക് ഇവരെ വിൽക്കുകയും ചെയ്തു.
ആ കമ്പനിയുടെ ഏജന്റ് മുഖേന മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതിനിടെ കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യക്കാരന്റെ ഫോണിൽ നിന്ന് ബ്രിട്ടനിലുള്ള തന്റെ സഹോദരനെ അഭിലാഷ് കാര്യങ്ങൾ വിളിച്ചറിയിച്ചു. ഒപ്പം ലൊക്കേഷനും അയച്ചുകൊടുത്തു.ഇതോടെയാണ് അടിമപ്പണിയും മനുഷ്യവിൽപനയും പുറത്തറിഞ്ഞത്. തുടർന്നു വീട്ടുകാർ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കംബോഡിയയിലുള്ള ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ അവിടെയെത്തിയതോടെ വിദേശികളായ 3 പ്രതികളെ അറസ്റ്റ് ചെയ്യുകയും അഭിലാഷ് ഉൾപ്പെടെ 14 ഇന്ത്യക്കാരെ എംബസിയിലേക്ക് എത്തിക്കുകയും ചെയ്തു.
അഭിലാഷിൽ നിന്ന് വിഡിയോ കോൾ വഴി മൊഴിയെടുത്താണ് ചിറ്റൂർ പൊലീസ് നിഖിൽദാസിനെ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് യുവാക്കളെ കയറ്റി അയച്ച് മനുഷ്യക്കടത്തിനു കൂട്ടു നിൽക്കുകയും അതിന്റെ കമ്മിഷൻ പറ്റുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. എസ്ഐ കെ.ഷിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.