ജീവന് തന്നെ ഭീഷണിയാവുന്ന ചലഞ്ചുകളാണ് ഇന്ന് ടിക്ടോക്ക് ലോകത്തുള്ള പല ചലഞ്ചുകളും. ഇത്തരം ചലഞ്ചുകൾ ഏറ്റെടുത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവരും ഉണ്ട്. അതിൽ തന്നെ ഏറെയും കുട്ടികൾക്കാണ് ഇത്തരം ചലഞ്ച് ഏറ്റെടുക്കുന്നതിലൂടെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇപ്പോൾ, യുഎസ്സിലെ ഒഹിയോയിൽ 13 വയസുള്ള ഒരു ആൺകുട്ടിക്കാണ് ടിക്ടോക് ചലഞ്ചിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.
‘ബെനാഡ്രിൽ ചലഞ്ച്’ എന്ന ഇപ്പോൾ ടിക്ടോക്കിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് 13 -കാരൻ ഏറ്റെടുത്തത്. ഈ ചലഞ്ചിൽ വെല്ലുവിളിക്കുന്നത് ഭ്രമാത്മകതയുണ്ടാക്കാൻ വേണ്ടി ആന്റിഹിസ്റ്റാമൈൻ വലിയ അളവിൽ കഴിക്കാനാണ്. ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെ അവശനായ 13 -കാരൻ ജേക്കബ് സ്റ്റീവൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച വെന്റിലേറ്ററിൽ കിടന്ന ശേഷമാണ് ജേക്കബ് മരണത്തിന് കീഴടങ്ങിയത്.