സിഡ്നി: ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് ലോകത്ത് ശതകോടീശ്വരിയായി മാറിയ 12 വയസുകാരി തന്റെ ജന്മദിനത്തില് വിരമിക്കല്‍ പ്രഖ്യാപിച്ചു. ജന്മദിനത്തോടൊപ്പം ബിസിനസില്‍ നിന്നുള്ള റിട്ടയര്‍മെന്റ് പാര്‍ട്ടി കൂടി സംഘടിപ്പിച്ചാണ് ഓസ്ട്രേയിലന് സ്വദേശിനിയായ പിക്സി കര്‍ട്ടിസാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. ഇത്ര ചെറിയ പ്രായത്തില്‍ വിരമിക്കുന്നത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും പിക്സി പറയുന്നു.
പിക്സിസ് ഫിജെറ്റ്സ് എന്ന കോടികള്‍ ആസ്തിയുള്ള കമ്പനിയുടെ സിഇഒയാണ് പിക്സി കര്‍ട്ടിസ്. ബിസിനസുകാരിയായ അമ്മ റോക്സി ജാസെങ്കോയുമായി ചേര്‍ന്ന് 2021ലാണ് പിക്സി കമ്പനി സ്ഥാപിച്ചത്. ബോ വില്‍പനയായിലൂടെയായിരുന്നു തുടക്കം. എന്നാല്‍ കൊവിഡ് കാലം പിക്സിയുടെ ബിസിനസിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. ഫിജറ്റ് സ്‍പിന്നറുകളുടെ വ്യാപാരത്തിലേക്ക് തിരിഞ്ഞതോടെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന് ഉടമയായി മാറി അവള്. ഇന്ന് ഓസ്ട്രേലിയയില്‍ ഏറ്റവും ജനപ്രിയമായ ഓണ്‍ലൈന്‍ കിഡ്സ് സ്റ്റോറാണ് പിക്സിയുടേത്. 2023ല്‍ ഏതാണ്ട് ഒരു കോടി രൂപയ്ക്ക് മുകളിലായിരുന്നു പിക്സിയുടെ മാസ വരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കാന്‍ പ്രായമായിട്ടില്ലെങ്കിലും രണ്ട് കോടിയ്ക്ക് മുകളില്‍ വിലയുള്ള ഒരു മെര്‍സിഡസ് ബെന്‍സ് ആഡംബര കാര്‍ പിക്സി സ്വന്തമാക്കുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ വലിയ ആരാധക വൃന്ദമുള്ള പിക്സി തന്റെ ആഡംബര ജീവിത നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. പതിനൊന്നാം പിറന്നാളിന് ഏകദേശം 33 ലക്ഷം രൂപ ചെലവഴിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ നിരവധിപ്പേര്‍ പിക്സിയുടെ ബിസിനസ് വിജയത്തെ അത്ഭുതത്തോടെ കണ്ട് അവളെ അഭിനന്ദിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കായുള്ള ഉത്പന്നങ്ങള്‍ ഇത്ര ചെറുപ്പത്തിലേ കൈകാര്യം ചെയ്യുന്നുവെന്നും മറ്റും വിമര്‍ശിക്കുന്നവരും കുറവല്ല.
ബോ വില്പനയില് നിന്ന് ഫിജറ്റ് സ്പിന്നറിലേക്കും അവിടെ നിന്ന് വലിയൊരു ബിസിനസ് ലോകത്തിന്റെ തലപ്പത്തിലേക്കും സഞ്ചരിച്ച പിക്സി പന്ത്രണ്ടാം വയസില്‍ ഇപ്പോള്‍ വിരമിച്ചുകഴിഞ്ഞു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിസിനസിന്റെ എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മകളെ ഒഴിവാക്കുകയാണ് ലക്ഷ്യം എന്നും പിക്സിയുടെ അമ്മ പറഞ്ഞു. റിട്ടയര്‍മെന്റ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഓരോ അതിഥിക്കും ഏതാണ്ട് നാലായിരത്തിലധികം രൂപ വിലവരുന്ന സമ്മാനങ്ങള്‍ അടങ്ങിയ ബാഗാണ് പിക്സി സമ്മാനമായി നല്‍കിയത്. ഓസ്ട്രേലിയന്‍ ആഡംബര ബ്രാന്‍ഡായ മകോബ്യൂട്ടിയുടെ ശരീര സംരക്ഷണ, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളായിരുന്നു സമ്മാനം.