ലണ്ടന്‍ : 160 ഐക്യു കണക്കാക്കിയിട്ടുള്ള ആൽബർട്ട് ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിംഗിനെയും കടത്തി വെട്ടി ഇന്ത്യൻ വംശജനായ പത്ത് വയസുകാരൻ. വെസ്റ്റ് ലണ്ടനിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന കൃഷ് അറോറയാണ് 162 ഐക്യുവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും ബുദ്ധിമാന്മാരായ ആളുകളിലെ ഒരു ശതമാനത്തിൽ ഈ 10 വയസുകാരൻ ഇടം നേടിയതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കൃഷിന്റെ ഐക്യു കണ്ടെത്തുന്നതിനുള്ള മെൻസ – സൂപ്പർവൈസ്ഡ് ടെസ്റ്റ് രണ്ട് വിഭാഗങ്ങളിലായാണ് നടത്തിയത്. സാധാരണ ഐക്യു ഉളള മനുഷ്യരിൽ കാറ്റെൽ III B ടെസ്റ്റിലെ ശരാശരി സ്കോർ ഏകദേശം 100 ആണ്. എന്നാൽ 160-ന് മുകളിൽ സ്കോർ ചെയ്യുന്നവരെ അസാധാരണ ഐക്യു ഉള്ള മനുഷ്യരായി കണക്കാക്കുന്നു. ഈ ലിസ്റ്റിലേക്കാണ് കൃഷിനെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ദ മിറര്‍ റിപ്പോര്‍ട്ടിലുണ്ട്.
നാലാം വയസില്‍ തന്നെ ആയാസകരായി ഭാഷ വായിക്കാനും സങ്കീര്‍ണമായ കണക്കു കൂട്ടലുകള്‍ ചെയ്യാനും കൃഷിന് കഴിയുമായിരുന്നു എന്ന് അമ്മ മൗലി പറഞ്ഞതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗണിതമാണ് കൃഷിന്റെ ഇഷ്ടവിഷയം. ചെസില്‍ തന്റെ ഗുരുവിനെ പല തവണ തോല്‍പ്പിക്കാന്‍ കെല്പുള്ള കുട്ടിയായി മാറി.
പഠനത്തിൽ മാത്രമല്ല സംഗീതത്തിലും മികവ് പുലർത്തുന്ന പ്രതിഭയാണ് കൃഷ്. സംഗീതത്തിലെ അസാധാരണമായ വൈദഗ്ദ്യത്തിലൂടെ ഗ്രേഡ് 7 പിയാനോ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട് ഈ പത്തു വയസുകാരൻ. ഒരുപാട് സംഗീത പുരസ്കാരങ്ങളും കൃഷിനെ തേടിയെത്തിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ നാല് ഗ്രേഡുകൾ പൂർത്തിയാക്കിയതിന് ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൻ്റെ ‘ഹാൾ ഓഫ് ഫെയിം’ ലേക്ക് കൃഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒഴിവുസമയങ്ങളിൽ, ക്രോസ്വേഡുകളും പസിലുകളും ചെയ്യാനാണ് കൃഷിന് ഇഷ്ടം. യംഗ് ഷെൽഡൺ എന്ന ജനപ്രിയ ടിവി ഷോയുടെ ആരാധകൻ കൂടിയാണ് കൃഷ് അറോറ. കൃഷിന്റെ അച്ഛനും അമ്മയുമായ നിശ്ചലും മൗലിയും എഞ്ചിനീയർമാരാണ്.