ക്വാലാലംപൂര്‍: മലേഷ്യയില്‍ ചെറുവിമാനം റോഡരികില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിച്ച് പത്ത് മരണം. ആറ് യാത്രക്കാരും പൈലറ്റടക്കം രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒരു കാര്‍ ഡ്രൈവറും ബൈക്ക് യാത്രികനുമാണ് മരിച്ച മറ്റ് രണ്ട് പേര്. വിമാനം ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പെഹാംഗ് സംസ്ഥാനത്തെ നിയമസഭാംഗവും ഏവിയേഷൻ കമ്ബനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിമാനത്തിലുണ്ടായിരുന്നെന്നാണ് വിവരം. സെലാൻഗോര്‍ സംസ്ഥാനത്തെ സുല്‍ത്താൻ അബ്ദുള്‍ അസീസ് ഷാ വിമാനത്താവളത്തില്‍ ലാൻഡിംഗിന് ശ്രമിക്കവേയായിരുന്നു അപകടം.
ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.21ന് എല്മോണ നഗരത്തില്‍ ഷാ അലാം മേഖലയിലെ റോഡിലാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. 11.38ന് ലാങ്ങ്കാവി വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്. അപകടത്തിന് തൊട്ടുമുമ്ബ് വരെ വിമാനത്തില്‍ നിന്ന് അപകട സൂചന ലഭിച്ചിരുന്നില്ലെന്നാണ് വിവരം. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.