ന്യൂഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ശത്രുക്കളുടെ തലയരിയാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി വെയ്ക്കണമെന്നായിരുന്നു പ്രഗ്യയുടെ വിവാദ പരാമര്‍ശം. ശിവമോഗ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് എച്ച് എസ് സുന്ദരേശ് നല്‍കിയ പരാതിയിലാണ് കര്‍ണാടക പൊലീസ് കേസെടുത്തത്.
തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെയുടെ ശിവമോഗയിലെ തെക്കന്‍ സമ്മേളനത്തിലായിരുന്നു എംപിയുടെ കലാപാഹ്വാനം. ‘അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. ലൗജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതേരീതിയില്‍ മറുപടി നല്‍കണം. വീട്ടിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കേണ്ടത് നമ്മുടെ അവകാശമാണ്. പച്ചക്കറി അരിയുന്ന കത്തികൊണ്ട് തലയും അരിയാനാകും’, പ്രഗ്യാസിംഗ് പറഞ്ഞു. മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരം നഷ്ടപ്പെടുത്തുമെന്നും അവര്‍ കുറ്റപ്പെടുത്തി.
സമൂഹത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വര്‍ഗീയ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതോടെയാണ് പരാതിയില്‍ പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തുക, മതവികാരം വ്രണപ്പെടുത്തുക, വിവിധ മതസ്ഥര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രകോപനകരമായി സംസാരിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്.
STORY HIGHLIGHTS: Case against BJP MP Pragya Singh Thakur’s controversial speech