ആദ്യത്തെ അഞ്ചോ പത്തോ മിനിറ്റ് കൊണ്ടുതന്നെ കേന്ദ്രകഥാപാത്രത്തെ ആഴത്തിൽ പതിപ്പിച്ചെടുക്കാൻ ജിന്ന് എന്ന സിനിമയിൽ സംവിധായകൻ സിദ്ധാർത്ഥ് ഭരതന് കഴിയുന്നുണ്ട്. ലാലപ്പൻ എന്ന കേന്ദ്രകഥാപാത്രത്തെ വളരെ തീവ്രമായി തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സൗബിനും ഈ സമയം കൊണ്ട് സാധിക്കുന്നു.. ഇതൊരു ചെറിയ കാര്യമല്ല.
131മിനിറ്റ് ദൈർഘ്യമുള്ള ജിന്നിൽ തുടർന്നുള്ള മുക്കാൽ മണിക്കൂർ നേരത്തോളം സിദ്ധാർത്ഥും സൗബിനും ഏറക്കുറെ 80കളിലെ ഒരു നാട്ടിൻപുറഭരതൻമൂവിയുടെ ഫ്ലേവറിൽ സിനിമയെ കൊണ്ടുപോവുന്നു. കൊല്ലം 2023 ആയെങ്കിലും എവിടെയും മുഷിയുന്നില്ല ആ ഒരു ഫ്ളോ.. മുഴച്ചു നിൽക്കുന്നുമില്ല.
അങ്ങനെ രണ്ടുപേരെയും വല്ലാതെ അങ്ങോട്ട് ഇഷ്ടപ്പെട്ടു പോവുമ്പോൾ ആണ് സിനിമ നേരെ നഗരത്തിലേക്ക് കട്ട് ചെയ്യുന്നത്.. ആ അപ്രതീക്ഷിത നീക്കത്തിൽ സൗബിന്റെ രണ്ടാമത്തെ ക്യാരക്റ്ററിന്റെ ഇൻട്രോ സംഭവിക്കുകയും സിനിമയുടെ ട്രാക്ക് തന്നെ മാറിപ്പോവുകയും ചെയ്യുന്നു.
പറഞ്ഞുകഴിഞ്ഞാൽ, പുതുമായില്ലാത്ത സ്റ്റോറി ലൈൻ എന്നൊക്കെ തോന്നുമെങ്കിലും വറൈറ്റിയായിട്ടും രസമായിട്ടും തന്നെ സിനിമയെ സംവിധായകൻ മുന്നോട്ടു കൊണ്ടുപോവുന്നു.. സംവിധായകന്റെ കയ്യൊപ്പുള്ള ധാരാളം ഫ്രെയിമുകളും സന്ദർഭങ്ങളും ജിന്നിൽ ഉണ്ട്.
സൗബിനെ സംബന്ധിച്ച് പറഞ്ഞാൽ, ഗംഭീരമായ പ്രകടനമാണ് ലാലപ്പൻ, അനീസ് എന്നീ രണ്ട് ക്യാരക്റ്ററുകൾക്ക് വേണ്ടി അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്. ഒരേ ഫ്രെയിമിൽ വരുമ്പോൾ രണ്ട് ക്യാരക്റ്ററുകളും ഒരാൾ തന്നെയാണ് എന്ന് തോന്നിപ്പിക്കാത്ത വേഷപ്പകർച്ച.. അതും വ്യത്യസ്തമായ മേക്കപ്പും കോസ്റ്റ്യൂംസും ഇല്ലാതെ തന്നെ.. ഒറ്റ വാക്കിൽ എക്സലന്റ്.
സംവിധായകനേയും നടനെയും അടയാളപ്പെടുത്തുന്ന സിനിമ ആവുമ്പോഴും ജിന്ന് ഒരു മികച്ച സിനിമ ആവാതിരിക്കുന്നത് തിരക്കഥയിൽ പലയിടത്തും ഉള്ള മിസ്സിങ്ങുകൾ കൊണ്ടാണ്. ഗംഭീരമാവേണ്ടിയിരുന്ന സിനിമ ചില ഗ്യാപ്പുകൾ ഫില്ലാകാതെ സാമാന്യജനങ്ങളിൽ നിന്നും അകന്നുപോവാൻ ഇത് കാരണമായേക്കാം.
സൗബിൻ കഴിഞ്ഞാൽ ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ , ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, സാബുമോൻ, സുധീഷ് എന്നിവരും അവരുടെ വേഷങ്ങളിൽ നന്നായി. മരിച്ചുപോയ കെ പി എ സി ലളിത ചേച്ചിയെയും ഒന്നുരണ്ട് സീനുകളിൽ കാണാം.
ഗിരീഷ് ജനാർദനന്റെ സിനിമാട്ടോഗ്രാഫി, പ്രശാന്ത് പിള്ളയുടെ ബാക്ഗ്രൗണ്ട് സ്കോർ എന്നിവ പറയാതെ പോയാൽ അന്യായമാവും.. രണ്ടും ഗംഭീരം.. ലാലപ്പന്റെ മനോവ്യാപാരങ്ങളെ ആഴത്തിൽ സ്ഥാപിക്കുന്നതിൽ പ്രശാന്ത് പിള്ളയുടെ സ്കോറിംഗ് നിര്ണായകമാവുന്നുണ്ട്. ജിന്ന് തീർച്ചയായും ഒരു മോശം സിനിമയല്ല.. കൂടുതൽ ഗംഭീരമാവേണ്ടിയിരുന്ന സിനിമ എന്ന റേറ്റ് ചെയ്യാം.
story highlights: djinn movie directed by siddharth bharathan starring soubin shahir review