ജിദ്ദ: സൗദിയില്‍ അടുത്ത കാലം വരെ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമെത്തിയിരുന്ന വിദേശികള്‍, തങ്ങളുടെ സ്വകാര്യ മുറികളില്‍ മാത്രം ആഘോഷിച്ചിരുന്ന ഒന്നായിരുന്നു ക്രിസ്മസ്. എന്നാല്‍ പുതിയ കാലം അങ്ങനെയല്ല. രാജ്യത്തെ മതസഹിഷ്ണുതയുടെ അന്തരീക്ഷത്തിലും സംസ്‌കാരത്തിലും വിദേശികളും സ്വദേശികളും ഒരേ പോലെ ഉത്സവാന്തരീക്ഷത്തെ വരവേല്‍ക്കുകയാണ്.
ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം ക്രിസ്മസ് ട്രീകള്‍ കൊണ്ടും വിളക്കുകള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ക്രിസ്മസ് സ്‌പെഷ്യല്‍ കേക്കുകളും മധുര പലഹാരങ്ങളും എല്ലാ കടകളിലും എത്തിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കും അനുഭവപ്പെടുന്നുണ്ട്.
ഒരു ദശാബ്ദം മുമ്പ് രാജ്യത്ത് ഇപ്പോള്‍ കാണുന്ന തരത്തിലുള്ള ഒരു ആഘോഷമോ സൂചകങ്ങളോ കാണാന്‍ കഴിയില്ലായിരുന്നു. സ്വകാര്യ ഇടങ്ങളില്‍ വിദേശികള്‍ ആഘോഷിച്ചിരുന്ന ക്രിസ്മസ് ഇപ്പോള്‍ പൊതുയിടങ്ങളിലേക്ക് വലിയ തോതില്‍ മാറി.
2016ല്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി വിഷന്‍ 2030 പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളില്‍ ശോഭിക്കുന്ന, ഊര്‍ജ്ജസ്വലമായ, മുന്നേറുന്ന സാമ്പത്തിക വ്യവസ്ഥയുള്ള, മികച്ച ജീവിത നിലവാരം ഉറപ്പ് വരുത്താന്‍ കഴിയുന്ന ഒരു രാജ്യത്തെയായിരുന്നു ഈ രേഖയില്‍ ഉണ്ടായിരുന്നത്. ഈ വിഷന്‍ ആരംഭിച്ച് ആറ് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് സഹിഷ്ണുതയുടേയും തുറസ്സായതുമായ ഒരു അന്തരീക്ഷം രൂപപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ മത സ്ഥാപനങ്ങളെയും ഭരണ സംവിധാനങ്ങളെയും വളരെ ശ്രദ്ധാപൂര്‍വം പുതുക്കിപ്പണിതു.
രാജ്യത്തിന് വേണ്ടി പുതിയ ശൈലികള്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. ‘ഇസ്‌ലാമിനെ ഭരണഘടനയായി ഉപയോഗിക്കുന്ന ഒരു സഹിഷ്ണുതയുള്ള രാജ്യമാണ് സൗദി. പരിഷ്‌ക്കരണമാണ് അതിന്റെ വഴി’, എന്ന് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്ത് ക്രിസ്മസിന് ലഭിക്കുന്ന സ്വീകാര്യത ഹോസ്പിറ്റാലിറ്റി മേഖലയിലെ വിജയമായി കാണാന്‍ കഴിയും. നിരവധി നക്ഷത്ര ഹോട്ടലുകളും സ്വകാര്യ കാറ്ററിംഗ് കമ്പനികളും സ്‌പെഷ്യല്‍ ക്രിസ്മസ് ഡിന്നറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാന്റാക്ലോസുകളും ഇടക്കിടെ വന്നുപോകുന്നു. നിരവധി എംബസികളും കോണ്‍സുലേറ്റുകളും അവരുടെ ദേശത്ത് നിന്നുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് ഒരു ഇസ്‌ലാമിക ആചാരമല്ലെങ്കിലും, സുഹുത്തുക്കളുമായും കുടുംബവുമായും അയല്‍ക്കാരുമായും സ്‌നേഹം പങ്കിടാനുള്ള അവസരമായാണ് ഈ കാലത്തെ സ്വദേശികള്‍ കാണുന്നത്.
‘മുസ്‌ലിംകള്‍ എന്ന നിലക്ക്, അവധി ദിനങ്ങള്‍ ഞങ്ങളുടെ മതത്തിന്റെ ഭാഗമല്ല എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ, നിരവധി രാജ്യക്കാരുള്ള ഒരു രാജ്യമെന്ന നിലക്ക് ഞങ്ങള്‍ ഞങ്ങളുടെ അവധി ദിനങ്ങള്‍ എല്ലാവരുമോടൊപ്പം ആഘോഷിക്കുന്നു. ഞങ്ങള്‍ അവരുടേതും ആഘോഷിക്കുന്നു’, ഒരു സൗദി വനിത അറബ് ന്യൂസിനോട് പറഞ്ഞു.
‘സമ്മാനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണിതെല്ലാം. ഇതൊരു പൊതു സന്ദേശമാണ്. അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ലേ?. അത് തന്നെയാണ് ഇസ്‌ലാമിലും പറയുന്നത്. അയല്‍ക്കാരെ ബഹുമാനിക്കുകയും അവരെ കുടുംബത്തെ പോലെ സ്‌നേഹിക്കുക എന്ന ഇസ്‌ലാം വിശ്വാസവുമായ ബന്ധം വരുന്ന ഒരു സന്ദര്‍ഭമാണിത്.’, മറ്റൊരു സൗദി പൗരന്‍ പറഞ്ഞു.
‘എല്ലാ മതങ്ങളില്‍പ്പെട്ട മനുഷ്യരും ഒരു പൊതുവായ മതമൂല്യമാണിത്. മാത്രമല്ല ക്രിസ്മസ് വര്‍ണാഭമാണ്. രസകരമാണെന്ന് മാത്രമല്ല സൗദിയില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ആഘോഷിക്കുന്നത് വിശ്വാസത്തിന്റെയും മതപരമായ സഹിഷ്ണുതയുടേയും അടയാളം കൂടിയാണ്.’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Christmas, it seems, is no longer taboo in Saudi Arabia