ആലപ്പുഴ: പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ മാല മോഷ്ടിച്ച് യുവാക്കൾ കടന്നുകളഞ്ഞു. തിങ്കളാഴ്ച കളപ്പുര ഗവ. ഗസ്റ്റ് ഹൗസിനു സമീപമാണ് സംഭവം. ’നിങ്ങളെപ്പോലെ പ്രായമായവർ സ്വർണമാലയണിഞ്ഞ് ഇങ്ങനെ റോഡിലൂടെ നടക്കരുത്. ബൈക്കിലെത്തി മാലമോഷ്ടിക്കുന്നവർ നിരവധിയാണ്. മോഷ്ടാക്കളെ ശ്രദ്ധിക്കണം. മാല ഊരി നിങ്ങളുടെ ബാഗിലേക്കിടൂ’, എന്നാണ് മോഷ്ടാക്കൾ വയോധികയുടെ പക്കലെത്തി പറഞ്ഞത്. തൊട്ടുപിന്നാലെയാണ് യുവാക്കൾ മാല തട്ടിയെടുത്തത്.
ഭർത്താവുമൊത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ മാലയാണ് മോഷ്ടിച്ചത്. പൊലീസാണെന്നു പറഞ്ഞ് ബുള്ളറ്റിലെത്തിയ യുവാക്കളെ വിശ്വസിച്ച് കഴുത്തിലെ മാല ഊരി കൈയിലുണ്ടായിരുന്ന ബാഗിലേക്കിടുന്നതിനിടെയാണ് സഹായിക്കാനെന്നപോലെ അഭിനയിച്ച് മാല സ്വന്തം ബാഗിലേക്കിട്ട് മോഷ്ടാക്കൾ മുങ്ങിയത്.
ബുള്ളറ്റിൽ ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ ഇവർ പൊലീസാണെന്നു പരിചയപ്പെടുത്തി ഉപദേശിക്കുകയായിരുന്നുവെന്ന് വയോധിക പറയുന്നു. സംഭവത്തിൽ നോർത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടു യുവാക്കളെയും ബുള്ളറ്റും കണ്ടെത്തി. എന്നാൽ, ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിനു മുമ്പും എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്ന് നോർത്ത് പൊലീസ് പറഞ്ഞു.
STORY HIGHLIGHTS: Stealing an old lady’s necklace by mistaking it for police at Alappuzha