ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഫെബ്രുവരി 15നകം കോടതിയില്‍ സത്യവാങ്മൂലം സമര്പ്പിക്കണമെന്നനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുളള എല്ലാ കേസുകളും സുപ്രീം കോടതി നേരിട്ട് ഏറ്റെടുത്തു. ഹര്‍ജികള്‍ മാര്‍ച്ച് 13ന് കോടതി പരിഗണിക്കും.
കേരളം, ഗുജറാത്ത്, ഡല്‍ഹി ഹൈക്കോടതികളിലാണ് വിഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉളളത്. ഇവയെല്ലാം സുപ്രീം കോടതി ഏറ്റെടുത്തതിനാല്‍ ഇനി വിധി പറയുന്നത് സുപ്രീം കോടതിയാകും. സ്വവര്‍ഗ വിവാഹത്തെ സ്പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമ വിധേയമാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. കനു അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാരിന്റെ നോഡല്‍ കണ്സിലറായി കോടതി നിയമിച്ചു. അരുന്തതി കഡ്ജുവിന് ഹര്‍ജിക്കാരുടെ ചുമതലയും കോടതി നല്കി.
STORY HIGHLIGHTS: The Supreme Court has issued a notice to the central government on petitions seeking legalization of same-sex marriage