കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മനോവിഭ്രാന്തിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ലോക്‌സഭാംഗമായ ഒരാള്‍ രാജ്യസഭയില്‍ മാറി കയറുന്നതും ഇടക്കിടെ ആര്‍എസ്എസ് അനുകൂല പ്രതികരണങ്ങള്‍ നടത്തുന്നതും ഇതേ വിഭ്രാന്തികൊണ്ടാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. അധ്യക്ഷസ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.
തമ്മിലടിക്കുന്ന ഒരുപറ്റം നേതാക്കള്‍ കോണ്‍ഗ്രസിന്റെ ശാപമായി മാറിയെന്നും തമ്മിലടിക്കുന്ന കോണ്‍ഗ്രസിന് ജനങ്ങളെയോ അണികളെയോ നയിക്കാന്‍ ആവില്ലെന്നും എംവി ജയരാജന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ അനാരോഗ്യ പരാതി തള്ളികൊണ്ട് കെ സുധാകരന്‍ ജിമ്മിലെ വര്‍ക്ക്ഒൗട്ടിന്റെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം അനുയായികള്‍ പുറത്ത് വിട്ടിരുന്നു. അതിനെ പരിഹസിച്ചും എംവി ജയരാജന്‍ രംഗത്തെത്തി. കെപിസിസി അധ്യക്ഷ പ്രസിഡന്റ് പദവിയിലെത്താന്‍ ഗുസ്തി മത്സരത്തിലും വിജയിക്കണോയെന്ന് എം വി ജയരാജന്‍ പരിഹസിച്ചു.
എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
കെ.പി.സി.സി. പ്രസിഡന്റ് പദവിയിലെത്താന്‍ ഗുസ്തിമത്സരത്തിലും വിജയിക്കണോ?
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാന്‍വേണ്ടി പ്രതിപക്ഷനേതാവും എ വിഭാഗം നേതാക്കളും ചരട് വലിക്കുന്നതിനെ തടയാന്‍ സുധാകര അനുകൂലികള്‍ ‘ഗുസ്തിമത്സരത്തിന് ഒരുങ്ങുന്ന ചിത്രം’ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ള ദേശീയ പ്രസ്ഥാനത്തിന്റെ സാരഥികള്‍ നയിച്ച കോണ്‍ഗ്രസ്സ് എവിടെ, തമ്മിലടിക്കുന്ന ഒരുപറ്റം നേതാക്കള്‍ നയിക്കുന്ന കോണ്‍ഗ്രസ് എവിടെ. നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ ശാപമായി മാറിയിരിക്കുന്നു. ലോകസഭാംഗമായ ഒരാള്‍ രാജ്യസഭയില്‍ മാറിക്കയറുന്നത് സ്ഥലകാല വിഭ്രാന്തി മൂലമാണെന്ന് വ്യക്തം. ഇടയ്ക്കിടക്ക് ആര്‍എസ്എസ് അനുകൂല പ്രതികരണങ്ങള്‍ നടത്തുന്നതും ഇതേ വിഭ്രാന്തി മൂലമാണ്. ഒരു കാര്യം ഉറപ്പിക്കാം, തമ്മിലടിക്കുന്ന ഈ കോണ്‍ഗ്രസ്സിന് ജനങ്ങളെയോ സ്വന്തം അണികളെയോ നയിക്കാനാവില്ല. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തടയാന്‍ ഇടതുപക്ഷത്തിനല്ലാതെ കോണ്‍ഗ്രസ്സിനാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഗുസ്തി മത്സരത്തിലൂടെ ഒന്നാമനെ തെരഞ്ഞെടുക്കാനുള്ള നീക്കം!
Story Highlights: MV Jayarajan against congress and k sudhakaran