ന്യൂഡല്‍ഹി: കേരളത്തില്‍ എംഎല്‍എ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി. ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ പ്രകാശ് ജാവദേക്കറാണ് തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂലൈയില്‍ രാജിവെച്ച സജി ചെറിയാന് എംഎല്‍എ ഇന്ന് വൈകിട്ട് നാലിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
‘ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തതിന് ശേഷം ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിക്കുകയും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു മന്ത്രിസഭയെ ഞാന്‍ ആദ്യമായാണ് കാണുന്നത്,’ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളെ ഞാന്‍ അപലപിക്കുന്നു. നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയ ഡോ അംബേദ്കര്‍ അപമാനിക്കപ്പെട്ടു. പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ടായിട്ടും പൊലീസ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്കി, സജി ചെറിയാന് വീണ്ടും രാജിവയ്ക്കണം. ഞങ്ങള്‍ അതിനായി പോരാടുന്നത് തുടരും. എംപി പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
മദ്യം, മയക്കുമരുന്ന്, ലോട്ടറി, കുറ്റകൃത്യം, കള്ളക്കടത്ത എന്നിവയാണ് പിണറായി സര്‍ക്കാരിന്റെ പ്രധാന പരിഗണകളെന്നും ഈ സര്‍ക്കാര്‍ കേരളത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്നതിന്റെ പേരിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത്.
Story Highlights: BJP MP Prakash Javadekar attacks Kerala govt over reinstating MLA Saji Cherian