തിരുവനന്തപുരം: മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളുടെ ശ്രേണിയിലേക്ക് കടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ഉദാഹരണമാണ് ഇന്നത്തെ സത്യപ്രതിജ്ഞ. ഇരുവര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. കേരളത്തിലെ ബിജെപി നേതാക്കളാണ് ഈ ഇടനിലക്കാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സജി ചെറിയാന്‍ രാജി വെയ്ക്കാനുണ്ടായ സാഹചര്യത്തില്‍ എന്ത് മാറ്റമുണ്ടായെന്നും അദ്ദേഹം ചോദിച്ചു. ‘സജി ചെറിയാനെ നിയമ വ്യവസ്ഥ പ്രകാരം കുറ്റവിമുക്തനാക്കിയിട്ടില്ല. സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഗോള്‍വാക്കറുടെ വിചാരധാരയിലെ കാര്യങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞത്. ആര്‍എസ്എസ് ആശയമാണ്. അന്ന് രാജിവച്ച അവസ്ഥയ്ക്ക് ഇന്ന് മാറ്റം ഉണ്ടായിട്ടില്ല. ഒരു കോടതിയും അദ്ദേഹത്തെ കുറ്റവുമുക്തനക്കിയിട്ടില്ല’, വി ഡി സതീശന്‍ പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും മാധ്യമങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇരുവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇരുവരും തമ്മില്‍ പോരാണ് എന്നാണ് പറയുന്നത്. ഇവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. അഭിനയമാണ് കാണുന്നതെല്ലാം. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Story Highlights: VD Satheesan Against Chief Minister And Governor