കൊച്ചി: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് കേരള ഹൈക്കോടതി. കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ റഫര്‍ റിപ്പോര്‍ട്ട്. റഫര്‍ റിപ്പോര്‍ട്ടിനെതിരെ തടസ ഹര്‍ജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണ സംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും ഹര്ജിക്കാരന് അവിടെ ആവശ്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. എന്നാല്‍ ഹര്‍ജി തള്ളിയത് കൊണ്ട് റഫര്‍ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതായി കരുതാനാവില്ലെന്ന് ബൈജു നോയല്‍ പ്രതികരിച്ചു.
വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 13 ദിവസം മുന്‍പ് തള്ളിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനം ആകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും കോടതി നിരാകരിച്ചു. സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്നും വിമര്‍ശനമാണ് നടത്തിയിട്ടുള്ളതെന്നുമായിരുന്നു പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ട്. റഫര്‍ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബൈജു നോയല്‍ പറഞ്ഞു.
STORY HIGHLIGHTS: High Court said that the demand for a CBI investigation is immature in Saji Cheriyan speech