ബെംഗളൂരു: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റിലും കൂട്ട പിരിച്ചു വിടല്‍. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്തത് വളരെ ആലോചനകള്‍ക്ക് ശേഷമാണെന്നും കഴിഞ്ഞ ആറ് മാസമായി ചെലവുകള്‍ വെട്ടികുറയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഷെയര്‍ ചാറ്റ്. 2,200 ലധികം ജീവനക്കാരാണ് നിലവില്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്.
‘ ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ ചില തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുകയാണ്. ഈ സ്റ്റാര്‍ട്ടപ്പ് യാത്രയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അവിശ്വസനീയമാംവിധം കഴിവുള്ള ഞങ്ങളുടെ 20% ജീവനക്കാരെ വെട്ടിക്കുറയ്ക്കേണ്ടി വന്നു’. കമ്പനി വക്താവ് പ്രതികരിച്ചു. പരസ്യ വരുമാനവും ലൈവ് സ്ട്രീമിങ് വരുമാനവും ഇരട്ടിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ശക്തമാവുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.
നോട്ടീസ് കാലയളവിലെ ശമ്പളം, 2022 ഡിസംബര്‍ വരെയുള്ള വേരിയബിള്‍ പേ, 2023 ജൂണ്‍ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, 45 ദിവസം വരെയുള്ള ലീവ് ബാലന്‍സ് എന്‍ക്യാഷ് ചെയ്യും തുടങ്ങിയവ പിരിച്ചുവിടല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുവദിച്ച ലാപ്ടോപുകള് ജീവനക്കാര്‍ക്ക് കൈവശം വയ്ക്കാമെന്നും കമ്പനി അറിയിച്ചു.
STORY HIGHLIGHTS: Mass dismissal on social media platform ShareChat