തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മത്സരിക്കുന്നില്ലെങ്കില്‍ മണ്ഡലം പിടിച്ചെടുക്കണമെന്ന ആഗ്രഹവുമായി ബിജെപി. ശശി തരൂര്‍ മത്സരിക്കാനില്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. സുരേഷ് ഗോപിക്കും ഈ നീക്കത്തില്‍ താല്പര്യമുണ്ട്.
2019ല്‍ ഒരു ലക്ഷത്തോളം വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ശശി തരൂര്‍ പരാജയപ്പെടുത്തിയത്. ബിജെപി ഒരു തരത്തിലും ഇങ്ങനെയൊരു തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശശി തരൂരുണ്ടെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.
അതേ സമയം നിയമസഭ തെരഞ്ഞെടുപ്പ് വരെ പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ശശി തരൂര്‍ ക്യാമ്പ്. അത് കൊണ്ട് ശശി തരൂര്‍ തിരുവനന്തപുരത്ത് തന്നെ മത്സരിക്കാനുള്ള സാധ്യതയേറെയാണ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സുരേഷ് ഗോപിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വീണ്ടും താരം പരാജയപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചില്ലെങ്കില്‍ തൃശ്ശൂരില്‍ തന്നെ സുരേഷ് ഗോപി ജനവിധി തേടുമെന്നാണ് വിവരം.
Story Highlights: bjp may field suresh gopi at trivandrum loksabha seat