യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘സന്നിധാനം പി ഒ’യുടെ പൂജ നടന്നു. മകര ജ്യോതി ദിവസമായ ഇന്ന് ശബരിമല സന്നിധാനത്ത് വച്ചാണ് ചടങ്ങ് നടന്നത്. സംവിധായകൻ വിഘ്നേഷ് ശിവ ഫസ്റ്റ് ക്ലാപ് അടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപനാണ് സ്വിച് ഓൺ കർമ്മം നിർവഹിച്ചത്.
ശബരിമല പശ്ചാത്തലമായി ഒരു പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം എത്തുക. രാജീവ് വൈദ്യയാണ് ‘സന്നിധാനം പി ഒ’യുടെ സംവിധായകൻ. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദൻ റാവു, ഷബീർ പത്താൻ എന്നിവരാണ് നിർമ്മാണം.
സിനിമ ചരിത്രത്തിൽ ആദ്യമായാണ് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമയുടെ പൂജ നടക്കുന്നത്. ഇന്ന് തന്നെ ഷൂട്ടിംഗും ആരംഭിച്ചു. ശബരിമലയും അവിടെ ഡോലി ചുമക്കുന്നവരും സന്നിധാനം പോസ്റ്റ് ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് മോഹനാണ്. ക്യാമറ-വിനോദ് ഭാരതി എ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ-റിച്ചാർഡ്, സ്റ്റിൽസ്-നിദാദ് കെ എൻ,ഡിസൈൻ-ആദിൻ ഒല്ലൂർ, പിആർഒ- ശബരി.
Story Highlight: Sannidhanam PO movie pooja held Sabarimala sanndhanam