കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിര്‍ദേശവുമായി ഹൈക്കോടതി. അരവണ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള അക്രെഡിറ്റഡ് ലാബില്‍ പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് ഹൈക്കോടതി അവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അരവണ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന അരവണയില്‍ കീടനാശിനിയുടെ അളവ് ക്രമാതീതമായി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെയും കേസില്‍ സ്വമേധയാ കക്ഷിചേര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച കോടതി ഹര്‍ജി പരിഗണിച്ചപ്പോളാണ് ഏലക്ക മറ്റൊരു ലാബില്‍ കൂടി പരിശോധിക്കണമെന്ന ആവശ്യം ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെച്ചത്.
മുമ്പ് ശബരിമലയില്‍ ഏലയ്ക്ക നല്‍കിയിരുന്ന അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ് പ്രകാശാണ് ഏലയ്ക്കയുടെ ഗുണനിലവാരം ഗവണ്മെന്റ് അനലറ്റിക്കല്‍ ലാബില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു തിരുവനന്തപുരം അനലറ്റിക്കല്‍ ലാബില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കീടനാശിനിയുടെ അളവ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഏലയ്ക്ക ഉപയോഗിക്കുന്നത് വേണ്ടെന്ന് വെക്കാനാകില്ലേ എന്ന് കോടതി ചോദിച്ചു. എന്നാല്‍ കുറച്ച് മാത്രമെ ഉപയോഗിക്കുന്നുളളൂവെന്നും പ്രിസര്‍വേറ്റീവ് കൂടിയായതിനാല്‍ ഏലയ്ക്ക ഒഴിവാക്കാനാകില്ലെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി.
STORY HIGHLIGHTS: The High Court directed to ensure the quality of cardamom used in making Aravana in Sabarimala