തിരുവനന്തപുരം: ശബരിമലയില്‍ അരവണയ്ക്ക് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക എന്ന് റിപ്പോര്‍ട്ട്. കീടനാശിനിയുടെ അംശമടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഒരു സ്വകാര്യ സ്ഥാപനം നല്കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി പരിശോധന നടത്താന്‍ നിര്‍ദേശം നടത്തിയത്.
ഹൈക്കോടതിയില്‍ ഹാജരാക്കിയ ലാബ് പരിശോധനാ റിപ്പോര്‍ട്ട് നാളെ പരിഗണിക്കും. അതേസമയം സംസ്ഥാന വ്യാപകമായുള്ള പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശനമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 547 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ പരിശോധന നടന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കണ്ടെത്തിയ 48 കടകളാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്കി. പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഓപ്പറേഷന് ഷവര്‍മ, ഓപ്പറേഷന് മത്സ്യ, ഓപ്പറേഷന് ജാഗറി, ഓപ്പറേഷന് ഓയില്‍, ഓപ്പറേഷന് ഹോളിഡേ തുടങ്ങിയ പേരിട്ട് വിവധതരം പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.
Story Highlights: ‘Bad quality cardamom for Aravana in Sabarimala’; Report