കൊച്ചി: വൈപ്പിനില്‍ ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതി സജീവനെ കൊല നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് ഇയാള്‍ ഒറ്റക്കാണെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സജീവനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കുടുംബ വഴക്കിനിടെയാണ് ഭാര്യ രമ്യയെ കൊലപെടുത്തിയതെന്നും കഴുത്തു മുറുക്കാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചു കളഞ്ഞെന്നും സജീവന്‍ പൊലീസിനോട് പറഞ്ഞു. രമ്യയെ കാണാതായ വിവരം പരാതി ലഭിച്ചപ്പോള്‍ ഭാര്യ കാമുകന്റെ കൂടെ പോയെന്നുളള രീതിയില്‍ പ്രതി കഥ മെനയുകയും എല്ലാവരേയും കബളിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. അതിനാല്‍ തന്നെ സജീവനെ ആദ്യം പൊലീസ് സംശയിച്ചിരുന്നില്ല. എന്നാല്‍ സജീവന്റെ മക്കളുടേയും സജീവന്റേയും മൊഴികളിലുണ്ടായ വൈരുദ്ധ്യം പൊലീസില്‍ സംശയമുണ്ടാക്കുകയായിരുന്നു.
2021 ഒക്ടോബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാച്ചാക്കലില്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് കൊല നടന്നത്. വീടിന്റെ ടെറസിന്റെ മുകളില്‍ വച്ചാണ് ഭാര്യ രമ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് സജീവന്‍ പൊലീസിന് മൊഴി കൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെച്ചു. ശേഷം കയര്‍ കത്തിച്ചു കളഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.
തുടര്‍ച്ചയായുളള ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതകത്തില്‍ സജീവനുള്ള പങ്ക് വ്യക്തമായത്. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങള്‍ സജീവനുണ്ടായിരുന്നു. തുടര്‍ന്നുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. ഇലന്തൂര്‍ നരബലി കേസിന് ശേഷം സ്ത്രീകളുടെ തിരോധാന കേസുകള്‍ പൊലീസ് വീണ്ടും പ്രത്യേകമായി പരിശോധിച്ചതോടെയാണ് നാടിനെ നടുക്കിയ അരും കൊലയുടെ ചുരുളുകള്‍ അഴിഞ്ഞത്.
Story Highlights: Wife’s murder case in Kochi Vypin; The accused committed the murder alone