തിരുവനന്തപുരം: ഗുണ്ടാ മണല്‍ മാഫിയാ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്‌ഐ ജയനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്ന് ആരോപിച്ചായിരുന്നു വധഭീഷണി. തെറി വിളിക്കുകയും വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഗുണ്ടാ മണല്‍ മാഫിയാ ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയിരുന്നു. അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത റൂറല്‍ എസ് പി ഡി ശില്‍പ 24 പൊലീസുകാരെ സ്ഥലം മാറ്റി. ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷനിലെ സ്വീപ്പര്‍ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 24 പേരെയും മാറ്റിയത്. പകരം മറ്റ് സ്റ്റേഷനിലെ 29 പൊലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റി. പൊലീസുകാരുടെ ഗുണ്ടാ, മണല്‍ മാഫിയാ ബന്ധം പുറത്തായതിന് പിന്നാലെയാണ് നടപടി.
STORY HIGHLIGHTS: Suspended ASI relation with goons he threaten Special Branch officer in Thiruvananthapuram