ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ചാനല്‍ അവതാരകരുടെ കാര്യത്തില്‍ അഭിപ്രായപ്പെട്ടത്. ചാനല്‍ അവതാരകര്‍ തന്നെ പ്രശ്നക്കാര്‍ ആകുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. കുറ്റക്കാരായ അവതാരകരെ പിന്‍വലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നും ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വിഭാഗം ചാനലുകള്‍ ശ്രമിക്കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അടുത്തിടെയുണ്ടായ എയര്‍ ഇന്ത്യ സംഭവത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച വ്യക്തിയുടെ വ്യക്തിയെ ചാനലുകള്‍ വിശേഷിപ്പിച്ച രീതിയേ കുറിച്ചും കോടതി വിമര്‍ശിച്ചു. കേസിപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും കുറ്റക്കാരനാണെന്ന് കോടതിയുടെ തീര്‍പ്പ് ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരേയും നിന്ദിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കില്ലെന്നും എല്ലാവര്ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
‘ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി പോലുളള സ്ഥാപനങ്ങള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുത്’, സുപ്രീം കോടതി പറഞ്ഞു. അതേസമയം വിദ്വേഷ പ്രസംഗങ്ങള്‍ നേരിടാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് കേന്ദ്രം സുപ്രീംകോടതിയോട് ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്.
Story Highlights: Supreme Court to take action against anchors who spread hatred