ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മതങ്ങളിലുമുള്ള ആളുകളെ കാണുന്നതിന് ബിജെപി നേതാക്കളോട് നിര്‍ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ അവസാനത്തെ ദിവസമായ ചൊവ്വാഴ്ചയാണ് അദ്ദേഹം പാര്‍ട്ടി വക്താക്കള്‍ക്ക് ആഹ്വാനം നല്‍കിയത്.
ജനങ്ങളെ കാണാനും സംവദിക്കാനും സര്‍വ്വകലാശാലകളിലും പള്ളികളിലും മറ്റും പോകാനും പാര്‍ട്ടി നേതാക്കളോട് മോദി പറഞ്ഞു. വോട്ടുകള്‍ പ്രതീക്ഷിക്കാതെ പാസ്മണ്ട, ബോറ വിഭാഗങ്ങളില്‍പെട്ട പ്രൊഫഷണലും വിദ്യാസമ്പന്നരുമായ മുസ്ലീമുകളെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു. ‘എല്ലാ മതങ്ങളിലുമുള്ള ആളുകളെ കാണണം. അവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. എങ്കിലും എല്ലാവരേയും പോയി കാണണം. ഒരു സമുദായത്തിനെതിരേയും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുത്.’ പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ അവസാനിച്ചു. രാഷ്ട്രീയ പ്രമേയം, സാമൂഹികവും സാമ്പത്തികവുമായ പ്രമേയം ജി20 ഉച്ചകോടി കേന്ദ്രീകരിച്ചുള്ള വിദേശനയ പ്രമേയം എന്നീ മൂന്ന് പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി.
Story Highlights: PM asks BJP leaders to meet Muslims, refrain from unsolicited remarks