ഒഡീഷ: വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയിനെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടക് നഗരത്തിന് സമീപമുള്ള നിബിഡ വനത്തിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് കട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു. അസ്വഭാവിക മരണത്തിന് ഗുരുദിജാട്ടിയ പൊലീസ് കേസെടുത്തു.
രാജശ്രീയെ കാണാനില്ലെന്ന് പറഞ്ഞ് പരിശീലകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ജനുവരി 11 മുതലാണ് രാജശ്രീയെ കാണാതായത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാജശ്രീയുടെ ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. രാജശ്രീയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കണ്ണുകൾക്ക് പരുക്കേറ്റിട്ടുണ്ടായിരുന്നതായും കുടുംബം പറഞ്ഞു. കൂടാതെ രാജശ്രീയുടെ സ്കൂട്ടർ വനത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ ബജ്രകബതിയിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ സ്വെയ്ൻ ഉൾപ്പെടെ 25 ഓളം വനിതാ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തതായി കുടുംബാംഗങ്ങൾ പറഞ്ഞു. പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിട്ടായിരുന്നു ക്യാമ്പ്. പരിശീലനത്തിനായി ഇവർ പ്രദേശത്തെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. സംസ്ഥാന വനിതാ ക്രിക്കറ്റ് ടീമിനെ ജനുവരി 10ന് പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയിൽ സ്വെയിൻ്റെ പേരുണ്ടായിരുന്നില്ല. താരങ്ങൾ പരിശീലനത്തിനായി താംഗി ഏരിയയിലെ ക്രിക്കറ്റ് മൈതാനത്തേക്ക് പോയ ദിവസം സ്വെയിൻ പിതാവിനെ കാണാനായി പുരിയിൽ പോവുകയാണെന്ന് പരിശീലകനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
STORY HIGHLIGHTS: Odisha woman cricketer found dead in forest near Cuttack