ന്യൂഡൽഹി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്. ശിക്ഷ വിധിച്ച ജനുവരി 11 മുതൽ എംപിയെ അയോഗ്യനാക്കിയെന്ന് ഉത്തരവിൽ പറയുന്നു. വധശ്രമക്കേസിൽ ഫൈസലിനെ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ഗുരുതരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. ഷെഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. 32 പേര് പ്രതികളുളള കേസില്‍ എംപിയുടെ സഹോദരങ്ങള്‍ അടക്കം നാല് പേര്‍ക്കാണ് നിലവില്‍ ശിക്ഷ വിധിച്ചത്.
എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് എംപിയുടെ തീരുമാനം. ഉത്തരവിനെതിരെ മുഹമ്മദ് ഫൈസൽ, സഹോരൻമാരായ അമീർ, പഠിപ്പുരക്കൽ ഹുസൈൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീല്‍ ഫയല്‍ ചെയ്തു. വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾപോലും കണ്ടെത്തിയിട്ടില്ല. കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ് കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നുമാണ് പ്രതികളുടെ വാദം. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഫൈസലും മറ്റു പ്രതികളും കഴിയുന്നത്.
STORY HIGHLIGHTS: Lakshadweep MP Muhammad Faisal was disqualified