ഉത്തർപ്രദേശ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയായ എംവി ഗംഗാ വിലാസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്. ശേഷം സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികളാണ് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലെത്താൻ കന്നിയാത്ര പുറപ്പെട്ടത്.
ഗംഗാ നദിയിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് സർവീസിന്റെ തുടക്കം ഒരു സുപ്രധാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “ഇത് ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ ഒരു പുതിയ യുഗത്തെ അറിയിക്കും, ക്രൂയിസ് സർവീസ് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും” നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയെ വാക്കുകളിൽ നിർവചിക്കാനാവില്ല, അത് ഹൃദയത്തിൽ നിന്ന് മാത്രമേ അനുഭവിക്കാൻ കഴിയൂയെന്ന് കപ്പൽയാത്രയുടെ കന്നിയാത്ര നടത്തുന്ന വിദേശ വിനോദസഞ്ചാരികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു. വാരണാസിയിൽ നിന്ന് പുറപ്പെടുന്ന എംവി ഗംഗാ വിലാസ് എന്ന ക്രൂയിസ് കപ്പൽ 51 ദിവസം കൊണ്ട് 3,200 കിലോമീറ്റർ പിന്നിടും. ഏകദേശം 20 ലക്ഷം രൂപയാണ് ഓരോ യാത്രക്കാരനും വരുന്ന ചെലവ്. 27 നദീതടങ്ങളും നിരവധി സംസ്ഥാനങ്ങളും കടന്ന് ദിബ്രുഗഡിൽ യാത്ര അവസാനിപ്പിക്കും. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബീഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, ആസാമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഈ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
യാത്രക്കാർ ബിഹാർ സ്കൂൾ ഓഫ് യോഗ, വിക്രംശില യൂണിവേഴ്സിറ്റി എന്നിവയും സന്ദർശിക്കും. ബംഗാൾ ഉൾക്കടലിലെ സുന്ദർബനിലൂടെയും കാസിരംഗ ദേശീയ ഉദ്യാനത്തിലൂടെയുമാണ് ക്രൂയിസ് സഞ്ചരിക്കുക. കപ്പലിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളുമടക്കം 36 വിനോദസഞ്ചാരികൾക്കുള്ള എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. യാത്രക്കായി ഒരാൾക്ക് പ്രതിദിനം ഏകദേശം 25,000 രൂപയാണ് ചെലവ് വരുന്നത്.
ഷിപ്പിംഗ്, തുറമുഖ, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയെ പിന്തുണച്ചു. ഈ വർഷം സെപ്റ്റംബറിൽ എംവി ഗംഗാ വിലാസിന്റെ അടുത്ത യാത്ര തങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും ഓപ്പറേറ്റർ മാധ്യമങ്ങളോട് പറഞ്ഞു. ആന്റാര റിവർ ക്രൂയിസിന്റെ വെബ്സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
STORY HIGHLIGHTS: PM Modi flags off world s longest river cruise Ganga Vilas from Varanasi