ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലിന്റെ പരാമര്‍ശം വിവാദത്തില്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ ലവ് ജിഹാദ് വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ റോഡ്, കാന എന്നീ ചെറിയ പ്രശ്നങ്ങളിലല്ലെന്നുമുളള നളിന്‍ കുമാറിന്റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്.
തിങ്കളാഴ്ച മംഗളൂരുവിലെ ‘ബൂത്ത് വിജയ അഭിയാന’യില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് എംപികൂടിയായ നളിന്‍ കുമാര്‍ ഇത്തരത്തില്‍ പരാമര്‍ശയം ഉന്നയിച്ചത്. ‘റോഡുകളും കാനയും പോലുള്ള ചെറിയ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് ഞാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. വിധാന്‍ സൗധയ്ക്കുള്ളില്‍ വേദവ്യാസന് കൈ പൊക്കിയില്ലെന്ന വിഷയവും നിങ്ങള്‍ ചര്‍ച്ച ചെയ്യരുത്’. പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.’നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ലൗ ജിഹാദ് നിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നമുക്ക് ഭാരതീയ ജനതാ പാര്‍ട്ടിയെ ആവശ്യമാണ്. ലൗ ജിഹാദില്‍ നിന്ന് മുക്തി നേടാന്‍ നമുക്ക് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യമാണ്,’ നളിന്‍ കുമാര്‍ പറഞ്ഞു.
ബിജെപി നേതാവ് ഏറ്റവും മോശമായ ആശയമാണ് നല്‍കിയതെന്നും അവര്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ബിജെപി എംപിയുടെ പ്രസ്താവനയോട് പ്രതികരിച്ചു.’അദ്ദേഹം ഏറ്റവും മോശമായ ഉത്തരം നല്കി. അവരുടെ ലക്ഷ്യം വികസനമല്ല പകരം വിദ്വേഷവും രാജ്യത്തെ വിഭജിക്കലുമാണ്. അവര്‍ വികാരങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ വികസനത്തെക്കുറിച്ചും ജനങ്ങളുടെ വയര്‍ നിറയുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചുമാണ് ഞങ്ങള്‍ ആളുകളോട് സംസാരിക്കുന്നത.് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്,’ ശിവകുമാര്‍ പറഞ്ഞു. കൂടാതെ ഇത് ബിജെപിയുടെ അവസാന നാളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Karnataka BJP MP Nalin Kumar Kattil’s remarks in controversy