ന്യൂഡല്‍ഹി: ഒമ്പത് ദിവസത്തെ അവധി ദിനങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം പുനരാരംഭിച്ചു. ദേശീയ തലസ്ഥാനമായ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നാരംഭിച്ച യാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചു. ഗാസിയാബാദ് അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് യാത്രികരെയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു.
കോടികളെറിഞ്ഞ് കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ ഇമേജ് ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. അദാനിയും അംബാനിയുമുൾപ്പെട്ട വൻകിട വ്യവസായികളെ അവർ വിലക്കെടുത്തു. പക്ഷെ തന്റെ സഹോദരനെ അവർക്ക് വിലക്ക് വാങ്ങാൻ സാധിച്ചില്ല. അവർക്ക് ഒരിക്കലും അതിന് സാധിക്കില്ല. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
‘എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്,’ എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ കുമാര്‍, യുപി സഭാ കക്ഷി നേതാവ് ആരാധന മിശ്ര എന്നിവരടക്കം നിരവധി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ട്. രാവിലെ കശ്മീർ ഗേറ്റിലെ ഹനുമാന് മന്ദിറില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ജനുവരി ആറിന് ഹരിയാനയിലും 11 മുതല്‍ 20 വരെ പഞ്ചാബിലുമാണ് ഭാരത് ജോഡോ യാത്ര. ഇതിനിടെ ഒരു ദിവസം ഹിമാചല്‍ പ്രദേശിലും പര്യടനമുണ്ട്. ജനുവരി 20-ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHTS: Priyanka Gandhi alleged Centre spends crores to destroy Rahul’s image