റിയാദ്: രാജ്യത്തിനകത്തെ പൗരന്മാരില് നിന്നും സൗദി അറേബ്യ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ മുതല്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കാമെന്നാണ് സൗദി സര്‍ക്കാര്‍ അറിയിച്ചത്. സൗദി ഹജ്ജ് ,ഉംറ മന്ത്രാലയമാണ് അപേക്ഷ സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. രാജ്യത്തെ പൗരന്മാര്ക്കായി നാലുതരത്തിലുള്ള ഹജ്ജ് പാക്കേജുകളാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. 3984 സൗദി റിയാലിന്റെ പാക്കേജുകളാണ് സൗദി സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാര്ക്കും താമസകാര്‍ക്കുമായി ഏര്‍പ്പെടുത്തിയത്. പാക്കേജ് മുഴുവനായോ മൂന്ന് ഗഡുക്കളായോ തിരിച്ചടക്കാവുന്ന വിധത്തിലാണ് അനുവദിക്കുന്നത്.
ജൂലായ് പകുതി വരെ വാലിഡിറ്റി നിലനില്‍ക്കുന്ന സൗദി പൗരനോ, താമസക്കാരനോ ആണെന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകന് നിര്‍ബന്ധമാണ്. പന്ത്രണ്ട് വയസാണ് ഹജ്ജിന് അപേക്ഷിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി. നേരത്തെ ഹജ്ജ് നിര്‍വ്വഹിക്കാത്ത അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥലം ലഭ്യമാകുന്നതിന് അനുസരിച്ച് നേരത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവരെയും പരിഗണിക്കും. സ്ത്രീകളോടൊപ്പം രക്തബന്ധമുള്ള പുരുഷ ഗാര്ഡിയന് വേണമെന്ന നിബന്ധന ഇത്തവണത്തെ ഹജ്ജ് നിയമങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു.
കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹജ്ജിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമാണ്. സീസണല്‍ ഇന്‍ഫ്ളുവന്‍സ ജാബ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. വെബ്സൈറ്റിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാണ് എല്ലാ അപേക്ഷകരോടും മന്ത്രാലയം ആവശ്യപ്പെടുന്നത്. ഒരേ മൊബൈല്‍ നമ്പര്‍ കൂടുതല്‍ ആപ്ലിക്കേഷനില്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു. care@haj.gov.sa എന്നവെബ്സൈറ്റിലൂടെയോ 920002814 എന്ന ഫോണ്‍ നമ്പറിലൂടെയോ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപിക്കാം. ട്വിറ്ററില്‍ @ MOHU- Care. എന്ന വെബ്സൈറ്റിലൂടെ ബന്ധപ്പെടാവുന്നതാണ്.
Story Highlights: Hajj 2023 applications now open to pilgrims inside Saudi Arabia