തിരുവനന്തപുരം: കുട്ടികളുടെ സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന് സ്വിച്ച് ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്കൂള്‍ ബസിന്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.
കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Story highlights: Kerala Government launched Vidhya Vahan app to track school buses