ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിയുമായി സത്യസന്ധമായി സംസാരിക്കണമെന്നാണ് ഒരു അറബിക് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളിൽ നിന്ന് തങ്ങൾ പാഠം പഠിച്ചു എന്നും ഷെഹ്ബാസ് ഷെരീഫ് അഭിമുഖത്തിൽ പറയുന്നുണ്ട്.
‘സമാധാനത്തോടെ ജീവിക്കാൻ പാക് ജനത ആഗ്രഹിക്കുന്നു. കശ്മീർ പോലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഗൗരവവും ആത്മാർത്ഥവുമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കിൽ പരസ്പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കേണ്ടി വരും. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവ ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,’ പാക് പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
കശ്മീർ വിഷയം ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘പാകിസ്താൻ സമാധാനമാണ് ആഗ്രഹിക്കുന്നത്, എന്നാൽ കശ്മീരിൽ നടക്കുന്നത് അവസാനിപ്പിക്കണം. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആണവശക്തികളാണ്. ഇനി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ ആരാണ് ജീവിച്ചിരിക്കുക?’.
STORY HIGHLIGHTS: Shehbaz Sharif calls for honest talks with PM Modi