മോഹൻലാലിന് നല്ലവനായ റൗഡി ഇമേജെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് മനസിലാകുന്നില്ല. താൻ അത്തരം ഇമേജിൽ വിശ്വസിക്കുന്നില്ല. അതിനാലാണ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്ന് അടൂർ പറഞ്ഞു.
‘മോഹൻലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാൾ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ടാകാം. എന്നാൽ എന്റെ മനസ്സിൽ ഉറച്ച ഇമേജ് അതാണ്’, അടൂർ ഗോപാലകൃഷ്ണൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ആടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേസിന് പിന്നിൽ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാൾ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂർ പറഞ്ഞു.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർക്ക് കേരളത്തിലെ ജാതിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹം ഡൽഹിയിൽ വളർന്നയാളാണ്. ജാതി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉളള സ്ഥാപനമല്ലിതെന്നും അടൂർ കൂട്ടിച്ചേർത്തു. അവിടത്തെ ശുചീകരണ തൊഴിലാളികളെ അടക്കം രംഗത്തിറക്കി ചിലർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കൂകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
story highlights: adoor gopalakrishnan says about not doing movies with mohanlal