ബെംഗളൂരു; ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മകനും മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് തൂണിന്റെ നിര്‍മാണം നടത്തിയതെന്ന് സംഭവത്തില്‍ പിസിസി അദ്ധ്യക്ഷന്‍ ശിവകുമാര്‍ ആരോപിച്ചു. അപകടം ബിജെപി സര്‍ക്കാരിന്റെ അഴിമതിയുടെയും അനാസ്ഥയുടെയും തെളിവാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ സൗമ്യ റെഡ്ഡി പറഞ്ഞു. അതേ സമയം മെട്രാ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മകനും മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
റോഡിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനുമാണ് അപകടത്തില്‍പ്പെട്ടത്. 28 കാരിയായ തേജസ്വി എന്ന യുവതിയും രണ്ടര വയസ്സുള്ള ഇവരുടെ മകന്‍ വിഹാനുമാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് ലോഹിത് കുമാറും ഒരു മകനും മകളുമാണ് ഗുരുതരാവസ്ഥയിലുളളത്. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍ എച്ച്ആര്‍ബിആര്‍ ലേ ഔട്ട് റോഡിലായിരുന്നു സംഭവം. തകര്‍ന്ന് വീണ തൂണിന് 40 അടി ഉയരവും ടണ്‍ കണക്കിന് ഭാരവുമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
STORY HIGHLIGHTS: The Congress criticized the Karnataka government in the incident of metro pillar under construction collapsed in Bengaluru