ന്യൂഡല്‍ഹി: ഋതുമതികളായ പെണ്‍കുട്ടികളുടെ വിവാഹ കാര്യത്തില്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ വിധി അടിസ്ഥാനമാക്കി മറ്റ് കേസുകളില്‍ ഉത്തരവിറക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് നല്കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. മുഹമ്മദീയന്‍ നിയമപ്രകാരം 16 വയസ്സ് തികഞ്ഞ ഋതുമതികളായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാമെന്നായിരുന്നു ഹൈക്കോടതി വിധി.
അതേസമയം പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പെടുവിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നിര്‍ദേശം മുന്നോട്ട് വെച്ചത്.
എന്നാല്‍ 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷന് വാദിച്ചു. പോക്സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവരെ കുട്ടികളായാണ് കണക്കാക്കുന്നത്. മുസ്ലീം സമുദായത്തില്‍ 14 വയസു വരെയുള്ള കുട്ടികളെ വരെ വിവാഹം കഴിപ്പിച്ചതായി ബാലാവകാശ കമ്മീഷന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത വിശദീകരിച്ചു. ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
Story Highlights: Marriage age for Muslim girls: No order based on Punjab-Haryana High Court verdict; The Supreme Court suggested