വിവാദപരാമർശത്തിന് ശേഷം വേദി പങ്കിട്ട് മന്ത്രി വി എൻ വാസവനും നടൻ ഇന്ദ്രൻസും. കോട്ടയം പാമ്പാടിയിൽ സ്വകാര്യ സ്കൂളിന്റെ വാർഷികാഘോഷ ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസിനെ മഹാനടനെന്നാണ് വി എൻ വാസവൻ വിശേഷിപ്പിച്ചത്.
മന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു ഇന്ദ്രൻസ് പരിപാടിയിൽ പങ്കെടുത്തത്. ചടങ്ങിന് അരമണിക്കൂർ മുമ്പേ എത്തിയ മന്ത്രിക്കരികിലേക്ക് ഇന്ദ്രൻസെത്തി. പിന്നാലെ സുഹൃത്തുക്കളേപ്പോലെ കൈകോർത്തുപിടിച്ച് ഇരുവരും വേദിയിലേക്ക് നടന്നു. ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്ക് വിരാമമിടുന്നതായി ഈ കാഴ്ച.
കലാകേരളത്തിന് അഭിമാനമാണ് ഇന്ദ്രൻസ് എന്ന് വി എൻ വാസവൻ പറഞ്ഞു. അദ്ദേഹം അഭിനയിച്ച, മറക്കാനാകാത്ത എത്രയോ ചിത്രങ്ങളാണുള്ളതെന്നും മന്ത്രി ഓർത്തു. നട്ടിലെ പരിപാടിയിൽ മന്ത്രി നേരിട്ട് ക്ഷണിച്ച സന്തോഷം ഇന്ദ്രൻസും പങ്കുവച്ചു. മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ല. ഞങ്ങൾ കുറച്ചുമുമ്പ് ജനിച്ചവരായതുകൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതുപോലെ ചിലപ്പോൾ സൂക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. ഒരുകാലത്ത് അങ്ങനെയൊക്കെയല്ലേ നമ്മൾ ഓരോന്നും അടയാളപ്പെടുത്തിയിരുന്നതും പറഞ്ഞതുമൊക്കെ. ഇനി നമുക്ക് സൂക്ഷിക്കാം, ശ്രദ്ധിക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു.
നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന് നടത്തിയ ‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’ പരാമര്‍ശമാണ് വിവാദത്തിലായത്. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കവെയായിരുന്നു പരാമർശം. വാസവന് പറഞ്ഞത് ഇങ്ങനെ: ”സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി? യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.”
Story Highlights: Minister V N Vasavan and Indrans in same function