കൊച്ചി: പൊലീസ് ശിശുഭവനിലാക്കിയ കുട്ടികള്‍ക്ക് ഹൈക്കോടതി ഇടപെടലില്‍ മോചനം. മാതാപിതാക്കളെ സഹായിക്കുന്നതിനായി റോഡരികില്‍ പേനയും മറ്റും വിറ്റ കുട്ടികളെയാണ് പൊലീസ് ശിശുഭവനില്‍ ആക്കിയത്. ഏഴും ആറും വയസുളള രണ്ട് ആണ്‍കുട്ടികളെ മാതാപിതാക്കളോടൊപ്പം വിടാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മാലയും വളയും പേനയുമൊക്കെ വിറ്റ് ജീവിക്കുന്ന ഡല്‍ഹി സ്വദേശികളുടെ മക്കളാണ് ഇവര്‍. മാതാപിതാക്കളെ സഹായിക്കാനായി റോഡില്‍ പേനയും മറ്റും വില്‍ക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ദാരിദ്ര്യം ഒരു കുറ്റമല്ലെന്നും കോടതി വ്യക്തമാക്കി. ബാലാവകാശ നിയമപ്രകാരമുളള എല്ലാ തീരുമാനങ്ങളും കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നും സര്‍ക്കാര്‍ ചെയ്യേണ്ടത് കുട്ടികള്‍ക്കുളള വിദ്യാഭ്യാസത്തിന് അവസരം നല്‍കുക എന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
‘മാതാപിതാക്കളോടൊപ്പം റോഡില്‍ അലഞ്ഞുതിരിയേണ്ടവരല്ല കുട്ടികള്‍. കുട്ടികളെ സ്കൂളില്‍ വിടുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത മാതാപിതാക്കള്‍ എങ്ങനെ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കും എന്നറിയില്ല. എന്നാല്‍ പൊലീസിനോ ശിശുക്ഷേമസമിതിക്കോ കുട്ടികളെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളില്‍നിന്ന് അകറ്റാനോ അധികാരമില്ല’, കോടതി അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ച് അവരുടെ സംസ്കാരം കൈവിടാതെ ജീവിക്കാന്‍ അവരെ അനുവദിക്കണമെന്നും അതിനാല്‍ കുട്ടികളെ ഡല്‍ഹിയിലെ ശിശുക്ഷേമസമിതിക്ക് കൈമാറാന്‍ തീരുമാനിച്ചതായുമാണ് ശിശുക്ഷേമസമിതി അറിയിച്ചത്. അതോടെയാണ് കുട്ടികളെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
കുട്ടികള്‍ ഹര്ജിക്കാരുടേതുതന്നെയാണോ എന്നതടക്കമുള്ള സംശയമാണ് ശിശുക്ഷേമ സമിതി ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ലോഡ്ജ് വാടകയ്ക്ക് നല്കിയ ആളെ കോടതിയില്‍ നേരിട്ട് ഹാജരാക്കുകയായിരുന്നു. അതോടെയാണ് വിധി ഹര്‍ജിക്കാര്‍ക്ക് അനുകൂലമായത്. അഭിഭാഷകനായ മൃണാളിന്റെ (മധുബെന്‍) സഹായത്തോടെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശിശുഭവനില്‍ എത്തിച്ച കുട്ടികളെ കാണാന്‍ മാതാപിതാക്കളെത്തിയെങ്കിലും കാണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഡല്‍ഹിയില്‍ അതിശൈത്യം ഉണ്ടാകുമ്പോള്‍ കുടുംബമായി ഏതാനും മാസം കേരളത്തിലേക്ക് വരുന്നത് ഇവരുടെ പതിവുരീതിയാണ്.
STORY HIGHLIGHTS: High Court intervened to release the children sent to the orphanage by the police