അമരാവതി: മരുന്ന് കമ്പനിയിൽ വാതകചോർച്ചയ്ക്ക് പിന്നാലെയുണ്ടായ തീപിടുത്തത്തിൽ നാല് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. ഗുണ്ടൂർ സ്വദേശി രാജേഷ് ബാബു, ഖമ്മം സ്വദേശി ബി രാംബാബു, കോട്ടപ്പാട് സ്വദേശി ആർ രാമകൃഷ്ണ, ചോടവാരം സ്വദേശി മജ്ജി വെങ്കട്ട റാവു എന്നിവരാണ് സ്ഫോടനത്തിൽ മരിച്ചത്. സതീഷ് എന്നയാൾക്കാണ് പരുക്കേറ്റത്.
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലുള്ള പരവാഡ ലോറസ് ഫാർമ ലാബ്സ് ലിമിറ്റഡ് കമ്പനിയിലാണ് അപകടം. പരുക്കേറ്റയാളെ ഉടൻ തന്നെ സമീപത്തുളള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.
വാതകചോർച്ച പരിഹരിക്കുനുളള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടാവുകയായിരുന്നു. അപകടം നടന്നയുടൻ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മരിച്ചവരിൽ രണ്ടുപേർ കരാർ തൊഴിലാളികളും രണ്ടുപേർ സ്ഥിരം തൊഴിലാളികളുമാണ്.
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സംസ്ഥാന വ്യവസായ മന്ത്രി അമർനാഥ് വ്യക്തമാക്കി. പരുക്കേറ്റ മറ്റൊരു തൊഴിലാളിക്ക് ചികിത്സാ സഹായം നൽകാൻ മന്ത്രി അമർനാഥ് മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി ഉത്തരവിട്ടിട്ടുണ്ട്.
STORY HIGHLIGHTS: gas leak in pharma lab company four workers died and one was injured