ലഖ്നൗ: ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്ന് മുൻ റോ ചീഫും ഐബിയുടെ മുൻ സ്പെഷ്യൽ ഡയറക്ടറുമായിരുന്ന അമർജിത് സിങ് ദൗലത്. സീലംപൂരിൽ വെച്ച് യാത്രയോടൊപ്പം ശിവസേന എംപി പ്രിയങ്ക ചതുർവേദിയും കൂടി ചേർന്നു. ഗാസിയാബാദ് അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് യാത്രികരെയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേർന്ന് ആണ് സ്വീകരിച്ചത്.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും യാത്രയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി യാത്രയ്ക്കൊപ്പം ചേരാൻ ക്ഷണിച്ചിരുന്നെങ്കിലും രണ്ടു പേരും ക്ഷണം നിരസിക്കുകയായിരുന്നു.
കോടികളെറിഞ്ഞ് കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ ഇമേജ് ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുകയാണെന്ന് ലോനിയിലെ സ്വീകരണച്ചടങ്ങിൽ സംസാരിക്കവെ പ്രിയങ്ക ഗാന്ധി ആരോപിച്ചു. അദാനിയും അംബാനിയുമുൾപ്പെട്ട വൻകിട വ്യവസായികളെ അവർ വിലക്കെടുത്തു. പക്ഷെ തന്റെ സഹോദരനെ അവർക്ക് വിലക്ക് വാങ്ങാൻ സാധിച്ചില്ല. അവർക്ക് ഒരിക്കലും അതിന് സാധിക്കില്ല. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
‘എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്,’ എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ കുമാര്‍, യുപി സഭാ കക്ഷി നേതാവ് ആരാധന മിശ്ര എന്നിവരടക്കം നിരവധി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ട്. രാവിലെ കശ്മീർ ഗേറ്റിലെ ഹനുമാന് മന്ദിറില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ജനുവരി ആറിന് ഹരിയാനയിലും 11 മുതല്‍ 20 വരെ പഞ്ചാബിലുമാണ് ഭാരത് ജോഡോ യാത്ര. ഇതിനിടെ ഒരു ദിവസം ഹിമാചല്‍ പ്രദേശിലും പര്യടനമുണ്ട്. ജനുവരി 20-ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHTS: Former RAW chief Amarjit Singh Dulat with Rahul gadhi’s Bharat Jodo Yathra