തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് പറഞ്ഞയാളാണ് വീണ്ടും മന്ത്രിയാകുന്നത്. ഗവര്‍ണര്‍ മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയും ഗവര്‍ണറുമായി എന്തോ ഓപ്പറേഷന്‍ നടന്നിട്ടുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും കളി കൊണ്ട് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. ഇരുകൂട്ടരും തമ്മില്‍ കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നത്. സജി ചെറിയാന്‍ രാജി വെക്കേണ്ടി വരുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
ഇന്ന് വൈകിട്ട് നാലിനാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ. രാജ്ഭവനില്‍ വൈകീട്ട് നാലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തേ മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക.
സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്.
Story Highlights: K Muraleedharan Criticizing Kerala Government And Governor