കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിക്കാനിടയായ കേസിൽ സംക്രാന്തി പാർക്ക് ഹോട്ടൽ ഉടമ അറസ്റ്റിൽ. കോളറങ്ങള വീട്ടിൽ ലത്തീഫ് ആണ് പിടിയിലായത്. ബെംഗളൂരു കമ്മനഹളളിയിൽ നിന്നാണ് ലത്തീഫിനെ പിടികൂടിയത്. നഴ്സിന്റെ മരണത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
നേരത്തെ ഹോട്ടലിലെ പാചകക്കാരനായ മലപ്പുറം സ്വദേശി സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടർന്ന് രശ്മിക്ക് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു യുവതി. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന രശ്മി പിന്നീട് മരിക്കുകയായിരുന്നു.
ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ച് പൂട്ടിയിരുന്നു. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള അസുഖങ്ങള്‍ പിടിപെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി നടപടിയെടുക്കുകയായിരുന്നു.
STORY HIGHLIGHTS: Hotel owner arrested for a nurse died of food poisoning in Kottayam