ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. താരങ്ങള്‍ ഉന്നയിച്ച മിക്ക ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബ്രിജ് ഭൂഷണ്‍ മാറി നില്‍ക്കുമെന്നും വ്യക്തമാക്കി.
ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി മേല്‍നോട്ട സമതിയെ രൂപീകരിക്കും. കമ്മിറ്റിയില്‍ ആരൊക്കെയുണ്ടാകുമെന്ന് ഇന്ന് പ്രഖ്യാപിക്കും. ഈ കമ്മിറ്റി തന്നെയാകും ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ഒരു മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
കായിക മന്ത്രിയുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ആദ്യ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം ഘട്ട ചര്‍ച്ച ഏഴു മണിക്കൂറോളം നീണ്ടു. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ രാജി വെക്കണം, ഫെഡറേഷന്‍ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉന്നയിച്ചത്.
Story Highlights: Wrestlers’ protest against WFI chief called off