കൊല്ലം: ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതി. വീട് നിര്‍മ്മാണത്തിനായി കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തതെന്ന് ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിച്ചു. അതേ സമയം ഇവരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ട്രാക്ടറുടെ വിശദീകരണം.
ഫിറോസ് ഖാന്റെയും സജ്ജനയുടെയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലായിരുന്നു.
നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോണ്ട്രാക്ടര് ഷഹീര്‍ പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇത് നല്കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ചാത്തന്നൂര്‍ പൊലീസിന് ഫിറോസ് പരാതി നല്കി.
എന്നാല്‍ ആരോപണം കോണ്ട്രാക്ടര് ഷഹീന് നിഷേധിച്ചു. സംഭവത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: ATTACK AGAINST BIG BOSS STAR FIROZ KHAN HOUSE