അബുദാബി: ആധുനിക തൊഴില്‍ മേഖലക്ക് അനുസൃതമായി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം കൊണ്ടുവന്ന് അബുദാബി സെയ്ദ് സര്‍വ്വകലാശാല. യുഎഇ സര്‍ക്കാറിന്റെ അധീനതയിലുള്ള അബുദാബിയിലെ പ്രശസ്തമായ സയിദ് യൂണിവേഴ്സിറ്റിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തൊഴില്‍ മേഖലക്ക് അനുസരിച്ച് ആധുനികവത്ക്കരണത്തിന് തുടക്കമിട്ടത്. യുഎഇ വിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബിന്‍ അബ്ദുള്ള ബെല്‍ഹൗളാണ് സയിദ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠന സമ്പ്രദായം സംബന്ധിച്ച് വിശദമാക്കിയത്. ദേവൂസിലെ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ബെല്‍ഹൗള്‍. ‘ഭാവി സാമ്പത്തിക മേഖലക്കായി ഒരു ബില്ല്യന്‍ ആളുകളെ തയ്യാറാക്കിയെടുക്കല്‍’ എന്ന പാനല്‍ സെഷനിലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച് വിശദമാക്കിയത്.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലവും ഇന്നത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതകളും തമ്മില്‍ വലിയൊരു വിടവ് നിലനില്‍ക്കുന്നതായി ബെല്‍ഹൗള്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാലാനുസൃതമായി മാറ്റം വരുത്തുന്നതിലാണ് സയിദ് യൂണിവേഴ്സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥികളിലെ അഭിരുചികള്‍ വളര്‍ത്തിയെടുക്കുന്നതിന് ഉപകാരപ്രദമായ വിദ്യാഭ്യാസ സമ്പ്രദായമാണ് സയിദ് യൂണിവേഴ്സിറ്റി പ്രാവര്‍ത്തികമാക്കുന്നത്. 2026നുള്ളില്‍ അല്‍ സയിദ് യൂണിവേഴ്സിറ്റി പരമ്പരാഗത ബുരുദങ്ങള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കും. വിവിധ പഠനശാഖകള്‍ അടങ്ങുന്ന ബിരുദകോഴ്സുകള്‍ സമൂഹിക സംരഭകത്വം, ബിസിനസ് സംരഭങ്ങള്‍ എന്നിങ്ങനെ കൊവിഡ് മഹാമാരിക്കുശേഷമുള്ള ജോലികളുടെ ഹൈബ്രിഡ് രീതികള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റാനാണ് സയിദ് യൂണിവേഴ്സിറ്റി തയ്യാറെടുക്കുന്നത്. ഭാവിയിലെ ആവശ്യകത നേരിടുന്നതിന് ഇത്തരം അഭിരുചി വികസന പാഠ്യ പദ്ധതി ആവശ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ആശയവിനിമയം, സമയക്രമമനുസരിച്ചുള്ള പ്രവര്‍ത്തനം, മാനസികവികാസം, കാലാനുസൃതമായ പരിശീലനം എന്നിവയിലെ അഭിരുചികളാണ് സയിദ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുക്കുക. അഭിരുചികള്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അവ വികസിപ്പിച്ചെടുക്കുക പ്രയാസമായിരിക്കുമെന്നും മന്ത്രി ബെല്‍ഹൗള്‍ ചൂണ്ടിക്കാട്ടി. 2030 ഓടെ കാലനുസൃതമായ വിഷങ്ങളില്‍ അഭിരുചി വികസന വിദ്യാഭ്യാസം ഒരു ബില്ല്യനോളം പേരില്‍ വളര്‍ത്തിയെടുക്കുകയാണ് സയിദ് യൂണിവേഴ്സിറ്റി ലക്ഷ്യമിടുന്നത്. മുന്നൂറ്റമ്പതോളം സംഘടനകളാണ് യൂണിവേഴ്സിറ്റിയുടെ റീസ്‌ക്കില്ലിങ്ങ് ഫോറവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
STORY HIGHLIGHTS: UAE education set for wholesale change to meet market needs