ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി ജനാര്‍ദ്ദന റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കല്യാണ രാജ്യ പ്രഗതി പക്ഷ’എന്നാണ് പാര്‍ട്ടിയുടെ പേര്. ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധത്തിനൊടുവിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഗാവതി മണ്ഡലത്തില്‍ മത്സരിക്കുമെന്നും സ്ഥിരം മത്സരിക്കുന്ന ബെല്ലാരി മണ്ഡലത്തില്‍ തത്കാലം മത്സരിക്കുന്നില്ല എന്നുമാണ് തീരുമാനം. മതത്തിന്റയും ജാതിയുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എതിരെയാണ് തന്റെ പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുക എന്നും ജനാര്‍ദ്ദന റെഡ്ഡി വ്യക്തമാക്കി.
ഏകദേശം രണ്ട്പതിറ്റാണ്ടിലേറെ കാലത്തെ ബന്ധമുണ്ട് ബിജെപിയും ജനാര്‍ദ്ദന റെഡ്ഡിയും തമ്മില്‍. ഖനന അഴിമതി കേസില്‍ 2011 ല്‍ സിബിഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 12 വര്‍ഷത്തോളം ഇദ്ദേഹം രാഷട്രീയത്തില്‍ നിന്ന് വിട്ടുനിന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജനാര്‍ദ്ദന റെഡ്ഡിക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് അന്നത്തെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.
Story Highlights: Former Karnataka BJP leader Janardhana Reddy announced a new party