കൊച്ചി: കാര്‍ണിവലിന്റെ ഭാഗമായി കത്തിക്കാന്‍ വെച്ചിരുന്ന പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റിയെന്നും മാറ്റം വരുത്തുമെന്നും സംഘാടക സമിതി. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് സംഘാടകരുടെ നടപടി. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞി നിര്‍മ്മാണം ബിജെപി തടഞ്ഞതും മോദിയുടെ രൂപമുള്ള പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു.
പാപ്പാഞ്ഞി വിഷയം അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചെന്നും പങ്കെടുത്ത് നിലപാട് അറിയിച്ചെന്നും സംഘാടക സമിതി നേതാവ് സ്റ്റീഫന്‍ റോബര്‍ട്ട് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ‘പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനം എടുക്കേണ്ടതില്ല. പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റി. തര്‍ക്കത്തിന് താല്പര്യമില്ല. നൂറ്റാണ്ടുകളായി പ്രദേശത്ത് നടത്തിവരുന്ന ചടങ്ങാണ് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേല്‍ക്കുക എന്നത്. ആഘോഷത്തിനായി തയ്യാറാക്കിയ പാപ്പാഞ്ഞി ആരോപണ വിധേയമായപ്പോള്‍ ആര്‍ക്കും ആക്ഷേപം ആകരുതെന്ന് കരുതിയും തര്‍ക്കം ഉണ്ടാകാതിക്കാന്‍ വേണ്ടിയുമാണ് സ്ഥാപിച്ച പാപ്പാഞ്ഞിയെ അഴിച്ച് മാറ്റിയത്,’ സംഘാടക സമിതി വ്യക്തമാക്കി.
സംഘാടക സമിതിയുടെ പ്രതികരണം
‘പോര്‍ച്ചുഗീസുകാരുടെ കാലം മുതലേ ഇത്തരം ഒരു ആഘോഷം നടത്തിവരാറുണ്ട്. വര്‍ഷത്തെ പ്രധിനിതീകരിച്ചുകൊണ്ടാണ് പാപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. പാപ്പാഞ്ഞിയെ പോയ വര്‍ഷമായിട്ടാണ് കണക്കാക്കുന്നത്. ആ വര്‍ഷത്തെ കത്തിച്ചുകൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതാണ് ചടങ്ങ്. പാപ്പാഞ്ഞിയെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. കാഞ്ഞൂല്‍ കമ്മിറ്റി ഒരു വലിയ പാപ്പാഞ്ഞിയെ ഉണ്ടാക്കിയതാണ് വലിയ വാര്‍ത്തയാകുന്നത്. വലിയ വിവാദത്തിന്റെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. പാപ്പാഞ്ഞിയുടെ രൂപം പൂര്‍ത്തിയായിട്ടില്ല എന്നതാണ് വാസ്തവം. നിര്‍മ്മാണ ഘട്ടത്തിലാണ് ഇപ്പോഴും. സാധാരണ ഗതിയില്‍ ഡിസംബര്‍ 30നാണ് പാപാഞ്ഞി പൂര്‍ണ്ണമായും തയ്യാറാകാറുള്ളത്. റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ വന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാപ്പാഞ്ഞിയുടെ ഓരോ ഘട്ടത്തിലും ആളുകള്‍ വന്ന് കാണുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. പൂര്‍ണ്ണമായും പണി തീരാത്ത പാപ്പാഞ്ഞിയുടെ മുഖം സ്ഥാപിച്ചപ്പോള്‍ അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാമ്യം ഉണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ ഇതിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ അവിടെ എത്തി അത് അഴിച്ച് മാറ്റിയിരുന്നു.
ഒരു കുട്ടിക്കുപോലും പുതുവത്സരാഘോഷം ഉത്സവമാണ്. വളരെ പഴക്കം ചെന്ന വയസ്സായ മനുഷ്യനെ വര്‍ഷമാക്കി കത്തിച്ച് കളയുന്നു. ഒരു രൂപത്തോട് കൂടിയ പാപ്പാഞ്ഞിയെ ഉണ്ടാക്കുന്നു. അതിന് തീ കൊളുത്തുന്നു. ആഘോഷത്തോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നു. എന്നാല്‍ ആരോപണം കേട്ടപ്പോള്‍ മറ്റൊന്നും നോക്കാതെ ആര്‍ക്കും ആക്ഷേപമുണ്ടാക്കാത്ത രീതിയില്‍ കൊണ്ടുപോകാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇതാണ് കമ്മിറ്റി എടുത്ത തീരുമാനം. അതു തന്നെയാണ് ശരിയും. രൂപത്തില്‍ ആരുടെയെങ്കിലും സാമ്യം തോന്നിയോ എന്നതിലേക്ക് കൂടുതല്‍ കടക്കാതിരുന്നത് ഇത് ഒരു ജനകീയ കമ്മിറ്റിയും ജനകീയ ആഘോഷവുമായതിനാലാണ്. രൂപങ്ങള്‍ ഉണ്ടാക്കുന്ന കലാകാരന്മാര് ഉണ്ടാകുന്ന വേളയില്‍ രൂപ സാദൃശ്യം സംബന്ധിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് ഭംഗിയായും ഔചിത്യപരമായും ഇടപെട്ടുകൊണ്ട് തയ്യാറാക്കി കത്തിക്കാമെന്ന ഉത്തരവാദിത്തപ്പെട്ട തീരുമാനമാണ് ഞങ്ങള്‍ എടുത്തത്. അല്ലാതെ അതിന്റെ രൂപത്തേയും ഘടനയെ കുറിച്ചും അതിന്റെ തര്‍ക്കങ്ങളിലേക്കും കടക്കുന്നില്ല. മറുഭാഗവും കണക്കാക്കിയിട്ടില്ല. ആളുകള്‍ ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ അത് മാറ്റിയതിനു ശേഷമാണ് ബാക്കി കൈകാര്യം ചെയ്തത്. മുഖ സാദൃശ്യം ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കത്തിലേക്ക് ഞങ്ങള്‍ കടക്കാതിരുന്നത് തര്‍ക്കം ആഗ്രഹിക്കുന്നില്ല എന്നതു കൊണ്ടാണ്.
കാരണം ഇപ്പോള്‍ എല്ലാ ആവശ്യങ്ങളും മാറ്റിവെച്ചുകൊണ്ട് പുതുവത്സരത്തെ വരവേല്‍ക്കുന്ന ദിവസത്തേക്കുള്ള ആഘോഷ രാവുകളാണ് ഇവിടെ നടക്കുന്നത്. എല്ലാവരും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ തര്‍ക്ക പ്രശ്നം വന്നപ്പോള്‍പ്പോലും കമ്മിറ്റി അത് പരിഹരിച്ച് മുന്നോട്ട് പോയി എന്നാണ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പറയാനുള്ളത്. പരിപാടി നടത്തിപ്പില്‍ സംഘാടകര്‍ക്ക് യാതൊരുവിധ ആശങ്കയുമില്ല. ഇത് ജനങ്ങളുടെ ഉത്സവമാണ്. ജനങ്ങളും ഇവിടത്തെ ഉദ്യോഗസ്ഥന്മാരും, പൊലീസും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും ഒന്നിച്ച് പുതുവത്സരത്തെ വരവേല്‍ക്കുന്ന ദിവസമാണ് ഡിസംബര്‍ 31ഉം ജനുവരി ഒന്നും. അതുകൊണ്ട് തന്നെ ആരോപണം ഉന്നയിച്ചതുള്‍പ്പടെ എല്ലാവരും ഇതിന്റെ ഭാഗമാണ്. അവരെല്ലാവരുടേയും സഹകരണത്തോടെ സന്തോഷത്തോട് കൂടി പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പരിപാടികളുമായി നീങ്ങുകയാണ്. പ്രാരംഭഘട്ടങ്ങളും ചിട്ടവട്ടങ്ങളും ഒരുക്കങ്ങളും നടക്കുന്നു. വളരെ ഭംഗിയായി എല്ലാവരുടേയും സഹകരണത്തോടെ തന്നെ പുതുവത്സരത്തെ വരവേല്‍ക്കും എന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. അതിനായി എല്ലാ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും കമ്മിറ്റി സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. കൊറോണയെ ജയിച്ച വര്‍ഷം എന്ന നിലയില്‍ കൊറോണയെ ചവിട്ടിപ്പിടിച്ചുകൊണ്ടുള്ള അതിജീവനമാണ് ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം.’
STORY HIGHLIGHTS: The organizing committee responded to the Papanji issue