കഠ്മണ്ഡു: നേപ്പാളിലേത് അപകടകരമായ വിമാനത്താവളങ്ങളായി മാറുന്നുവെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സുരക്ഷാ റിപ്പോര്‍ട്ട്. എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള എട്ട് പര്‍വ്വതങ്ങള്‍ നേപ്പാളിലാണ്. പൈലറ്റുമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേപ്പാളിലെ ഭൂപ്രകൃതിയും, കാലാവസ്ഥയും മികച്ച റഡാര്‍ സാങ്കേതിക വിദ്യയുടെ അഭാവവുമാണ്. ഈ കാരണങ്ങളാല്‍ നേപ്പാളിലെ വിമാനത്താവളങ്ങള്‍ ഏറ്റവും അപകടകരമായ നിലയിലേക്ക് മാറുകയാണ് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റോഡ് യാത്രാസൗകര്യങ്ങള്‍ കുറവും ദുര്‍ഘടവുമായതിനാല്‍ ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങളില്ലാത്ത ചെറുവിമാനങ്ങളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്.പഴയ വിമാനങ്ങളെ ഇപ്പോഴും ഉപയോഗിക്കുന്നത് അപകട സാധ്യതയ്ക്ക് ഇട വരുത്തുന്ന മറ്റൊരു വെല്ലുവിളിയാണ്.1949 ല്‍ രാജ്യത്ത് വിമാന സര്‍വീസ് ആരംഭിച്ചതിന് ശേഷം ചെറുതും വലുതുമായ എണ്‍പതോളം അപകടങ്ങളാണ് ഉണ്ടായത്. എഴുന്നൂറിലേറെ പേരാണ് ഈ അപകടങ്ങളിലായി മരിച്ചത്. 2013 മുതല്‍ സുരക്ഷാ അപര്യാപ്തത ചൂണ്ടിക്കാട്ടി നേപ്പാള്‍ വിമാനകമ്പനികള്‍ക്ക് യൂറോപ്പിലേക്ക് സര്‍വീസ് നടത്തുന്നതിന് യൂറോപ്യന്‍ യൂണിയന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായത് നേപ്പാളിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അപകടമാണ്. യതി ഗ്രൂപ്പിന്റെ പതിനാലാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെടുന്നത്. 68 യാത്രക്കാരും 4 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.വിമാനാപകടത്തില്‍ 72 യാത്രക്കാരും മരിച്ചു. ഇന്നലെ രാവിലെ ലാന്‍ഡിംഗ വേളയിലാണ് വിമാനം അപകടത്തില്‍ പെട്ടത്. കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
STORY HIGHLIGHTS: challenges of flight operation in nepal