കണ്ണൂര്‍: കഴിഞ്ഞ ദിവസം കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്. പട്ടിണി കിടക്കുന്നവര്‍ കളി കാണണ്ട എന്ന കായിക മന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ടായിരുന്നു എം വി ജയരാജന്റെ പരാമര്‍ശം. പട്ടിണിക്കാരനും അല്ലാത്ത വരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് പറഞ്ഞ എം വി ജയരാജന് മന്ത്രിയുടെ പരാമര്‍ശം തെറ്റായിരുന്നു എന്നും വിമര്‍ശിച്ചു.
അതേസമയം കാര്യവട്ടത്തെ ടിക്കറ്റ് വിവാദത്തില്‍ കായിക മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമാവുയാണ്. മന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. കായിക മന്ത്രിയുടേത് അഹങ്കാരത്തിന്റെ സ്വരമാണ്. പട്ടിണി പാവങ്ങളെ അപമാനിച്ച ആള് മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാര്യവട്ടത്ത് കണ്ടത് മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
കായിക മന്ത്രി ഇത്തരത്തിലൊരു വിവരക്കേട് പറഞ്ഞതില്‍ ബഹിഷ്കരിക്കേണ്ടത് മന്ത്രിയെ ആയിരുന്നു അല്ലാതെ സ്റ്റേഡിയം ആയിരുന്നില്ല എന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചിരുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന കായിക മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ക്കണ്ടുവെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കുറ്റപ്പെടുത്തിയിരുന്നു. ഒഴിഞ്ഞ ഗ്യാലറിക്ക് കാരണം അബ്ദുറഹ്മാന്റെ പരാമര്‍ശമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലനും കുറ്റപ്പെടുത്തി. കായിക മന്ത്രി കുറേക്കൂടെ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights: ‘Cricket is a must-see game for hungry and non-hungry’; MV Jayarajan in Karyavattom controversy