തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കായികമന്ത്രി വി അബ്ദുറഹിമാന്. തെറ്റിദ്ധാരണയുടെ പേരിലാണ് വിവാദമെന്നും പാവപ്പെട്ടവന് കളി കണേണ്ട എന്നല്ല, ടിക്കറ്റിന് ഇത്രയധികം തുക ഈടാക്കുമ്പോള്‍ സാധാരണക്കാര്‍ കളികാണേണ്ട എന്നായിരിക്കും അസോസിയേഷന് ഉദ്ദേശിക്കുന്നത് എന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയ വിഷയത്തില്‍ പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദമായ പരാമര്‍ശം. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്നായിരുന്നു മന്ത്രി പറഞ്ഞത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് മത്സരം കാണാന്‍ വരേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നായിരുന്നു വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. പട്ടിണിക്കാരെല്ലാം കൂടി ചേര്‍ന്നിട്ടാണ് കളി കണ്ടുകൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുമ്പോള്‍ കളി ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും എന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു പ്രസ്താവനയിലൂടെ എം വി ഗോവിന്ദന്റെ പ്രതികരണം.
Story Highlights: Minister V Abdurahiman’s Response On His Controversial Statement